തരിശു നിലങ്ങൾ ഇനി ഹരിതാഭമാകും !! കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ കുടുംബശ്രീ
ലോക്ക്ഡൗൺ കാലത്ത് കുടുംബശ്രീ നടത്തിവരുന്നത് ഏറെ മാതൃകാപരമായ പ്രവർത്തനങ്ങളാണ്. വീട്ടമ്മമാർക്ക് സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തിന് നന്മ ചെയ്യാനും കുടുംബശ്രീ പാത തെളിച്ചു. ഇപ്പോൾ ഇതാ കാർഷിക മേഖലയിലും വിപ്ലവം തീർക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. തരിശായി കിടക്കുന്ന ഭൂമി ഉഴുതുമറിച്ച് പച്ചപ്പ് നിറക്കാൻ കുടുംബശ്രീയുടെ എഴുപതിനായിരത്തോളം വരുന്ന വനിതാ കൃഷി സംഘങ്ങൾ ഒരുങ്ങുന്നു. തരിശുഭൂമിയിൽ കൃഷി ചെയ്ത് നമ്മുടെ നാടിനെ സ്വയംപര്യാപ്തമാക്കാൻ കുടുംബശ്രീ മുന്നിട്ടിറങ്ങുകയാണ്.
2017 മുതലാണ് തരിശുഭൂമിയിൽ വിത്ത് വിതയ്ക്കാൻ കുടുംബശ്രീ ഒത്തുചേർന്നത്. ലോക്ക്ഡൗണിൽ ഉണ്ടാകുന്ന ഭക്ഷ്യ ദൗർലഭ്യം ഒരു പരിധിവരെ നിയന്ത്രിക്കാൻ ഈ ഉദ്യമത്തിന് സാധിക്കും. തരിശുഭൂമികൾ ഇനിയും ഏറെയാണ് സർക്കാരിന്റെ കീഴിൽ. ഈ ഭൂമി ഏറ്റെടുത്ത് ഹരിതാഭമാക്കുക എന്നതാണ് കുടുംബശ്രീയുടെ കാർഷിക ഉപജീവന പദ്ധതിപ്രകാരം ലക്ഷ്യമിടുന്നത്. നിലവിൽ 70, 000 ഓളം സംഘങ്ങളിലായി ഒന്നരലക്ഷത്തോളം അംഗങ്ങളാണുള്ളത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, കൃഷി വകുപ്പും, തൊഴിലുറപ്പുമായുമെല്ലാം കൂടിചേർന്നാണ് കുടുംബശ്രീ കൃഷി നടത്തുന്നത്. തരിശുനിലങ്ങൾ കണ്ടെത്താനും അവ പ്രാദേശിക കൃഷിസംഘങ്ങൾ വഴി ഏറ്റെടുക്കാനും ലക്ഷ്യമിടുന്നുണ്ട്.
മെയ് മാസം മുതൽ ആരംഭിക്കുന്ന ‘സമൃദ്ധി’ എന്ന ക്യാമ്പയിനിലൂടെ സാധാരണ ജനങ്ങൾക്ക് കൃഷിയിലൂടെ ഉപജീവനം കണ്ടെത്താനും കാർഷിക മേഖലയെ സ്വയംപര്യാപ്തമാക്കാനും സാധിക്കും.