വിവിധങ്ങളായ രോഗങ്ങൾ മനുഷ്യനെ വരിഞ്ഞുമുറുക്കുന്നതാണ് നമ്മൾ ഇപ്പോൾ കണ്ടുവരുന്നത്.കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ കൂടുതൽ കീഴ്പ്പെടുത്തുന്നത് ജീവിതശൈലി രോഗങ്ങൾ ഉള്ളവരെയും പ്രതിരോധ ശേഷി കുറഞ്ഞവരെയുമാണ്. ഇത്തരത്തിലൊരു സാഹചര്യത്തിൽ ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.
കുടുബശ്രീയുടെ സാന്ത്വനം പദ്ധതി ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ നമ്മെ പഠിപ്പിക്കുന്നു.
2006 ൽ ആരംഭിച്ച ഈ പദ്ധതി ഈ കൊറോണക്കാലത്തും ഏവർക്കും സാന്ത്വനം നൽകുന്നു. വീടുകളിലെത്തി രക്ത പരിശോധന ഉൾപ്പെടെയുള്ള സേവനങ്ങൾ മിതമായ നിരക്കിൽ നൽകി സാന്ത്വനം പദ്ധതി മറ്റുള്ളവർക്ക് ആശ്രയമാകുന്നു. ഇതുവഴി സ്ഥിരമായ വരുമാനം കണ്ടെത്താനും വോളന്റിയർമാർക്ക് സാധിക്കുന്നു. കുടുംബശ്രീയും പ്രശസ്ത ആരോഗ്യ സംഘടനയായ ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ (HAP) യും ചേർന്നാണ് സാന്ത്വനം പദ്ധതി സമൂഹത്തിന് സമ്മാനിച്ചത്.
സംരംഭം തുടങ്ങാൻ താല്പര്യമുള്ള സ്ത്രീകൾക്ക് 7 ദിവസത്തെ പരിശീലനം നൽകിയാണ് പദ്ധതിയിൽ ചേർക്കുന്നത്. ഉയരം, ശരീരഭാരം, രക്ത സമ്മർദം, ഗ്ലുക്കോസിന്റെ അളവ് തുടങ്ങിയ അളക്കാൻ പഠിപ്പിച്ച് ഉപകരണങ്ങളും നൽകുന്നു.എറണാകുളം ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സാന്ത്വനം വോളന്റിയർമാരുടെ സേവനം ലഭ്യമാണ്.