ലോക്ക്ഡൗണിൽ കേരളം കണ്ടത് അതിജീവനമാണ്. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയെ ഭയക്കുമ്പോൾ മലയാളികൾ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത വരകളിലൂടെയും സാമൂഹിക പ്രവർത്തനങ്ങളിലൂടെയും എഴുത്തുകളിലൂടെയുമൊക്കെ ലോകത്തിനു കാണിച്ചുകൊടുത്തു. നമ്മുടെ എറണാകുളത്ത് ഒരു പഞ്ചായത്ത് മുഴുവനും അതിജീവനത്തിന്റെ പാതയിൽ ഒറ്റക്കെട്ടായി നിന്ന് വരകളിലൂടെ കോവിഡ് 19 എന്ന വൈറസിനെതിരെ പോരാടി. എറണാകുളത്തിന്റെ സ്വന്തം വടക്കേക്കര.
കോറോണയുടെ ഭീതിയിൽ നിൽക്കുന്ന ജനത, ആരോഗ്യ പ്രവർത്തകരുടെ അമൂല്യ സംഭാവനകൾ, ഗവണ്മെന്റ് നടത്തിയ പ്രവർത്തനങ്ങൾ, നന്മയുടെ വിവിധ മാതൃകകൾ സൃഷ്ടിച്ചവർ, എല്ലാം പഞ്ചായത്തിന്റെ മതിലുകളിൽ വർണ്ണങ്ങളായി വിരിഞ്ഞു. ‘അതിജീവര ‘ എന്ന ഈ വലിയ ഉദ്യമത്തിന് ചുക്കാൻ പിടിച്ചത് വടക്കേക്കര പഞ്ചായത്ത് ഭരണസമിതിയായിരുന്നു. പ്രഗത്ഭരായ കലാകാരന്മാർ, കുട്ടികൾ, എന്ന് തുടങ്ങി വരയിൽ കമ്പമുള്ളവരുടെ സൃഷ്ടികൾ കോറോണയ്ക്കെതിരെ കേരളം തീർത്ത മതിലുകൾക്ക് ശക്തിപകർന്നു.
പഞ്ചായത്തിലെ എമർജൻസി റെസ്പോൺസ് ടീമാണ് ഇതിന് നേതൃത്വം നൽകിയത്. വടക്കേക്കര പഞ്ചായത്ത് മതിൽ, പ്രാഥമിക ആരോഗ്യ കേന്ദ്രം, മൃഗാശുപത്രി തുടങ്ങി നീളുന്നു അതിജീവര തീർത്ത മതിലുകൾ.