കളക്ടറേറ്റിൽ ഇനി പ്രവേശനം ‘വാക് ത്രൂ ടെമ്പറേച്ചർ സ്കാനർ’ വഴി മാത്രം.
ജില്ലാ ഭരണ കേന്ദ്രമായ കാക്കനാട് സിവിൽ സ്റ്റേഷനിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ‘വാക് ത്രൂ ടെമ്പറേച്ചർ സ്കാനർ’ പൂർണതോതിൽ പ്രവർത്തനസജ്ജമായി. പദ്ധതിയുടെ ഉൽഘാടനം മന്ത്രി വി എസ് സുനിൽകുമാർ, കളക്ടർ എസ് സുഹാസ് എന്നിവർ ചേർന്ന് ഇന്നലെ നിർവഹിച്ചു. മനുഷ്യ ഇടപെടൽ ആവശ്യമില്ലാത്ത ഇത്തരം സ്കാനറുകൾ നിലവിൽ വിമാനത്താവളങ്ങളിൽ പ്രവർത്തിപ്പിച്ചു വരുന്നു. ഇതുവരെ കളക്ടറേറ്റിൽ ഹാൻഡ് സാനിറ്റീസിറും തെർമൽ സ്കാന്നറുകളുമാണ് ഉപയോഗിച്ച് പോരുന്നത്. പുതിയ സംവിധാനത്തിലൂടെ കടന്നു പോകുന്നവരുടെ മുഖം സ്കാൻ ചെയ്യപ്പെടുകയും താപനില അസാധാരമാവിധം ഉയർന്നിട്ടുണ്ടെങ്കിൽ അത് സ്ക്രീനിൽ വ്യക്തമാക്കുകയും അലറാം മുഴങ്ങുകയും ചെയ്യും. ഇത്തരത്തിൽ വാക് ത്രൂ ടെമ്പറേച്ചർ സ്കാനർ സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ സിവിൽസ്റ്റേഷനും എറണാകുളത്താണ്. കാമിയോ ഓട്ടോമേഷൻസ് എന്ന സ്ഥാപനമാണ് ഏകദേശം ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന സ്കാനർ സ്ഥാപിച്ചിരിക്കുന്നത്.