കിഴങ്ങ്-പയർ വിള കൃഷിയുടെ ആദ്യപടിയിൽ 2500 ചുവട് കപ്പയും മൂവായിരം കുറ്റിപ്പയറും
മിനി റൈസ് മില്ലുകൾ രൂപകൽപന ചെയ്യാൻ മന്ത്രിയുടെ നിർദേശം
കൊച്ചി: മനസ്സു വെച്ചാൽ കൃഷി ആർക്കും ചെയ്യാം എന്ന് പ്രവർത്തിച്ചു കാണിക്കുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സ്ഥാപനത്തിലെ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും മറ്റ് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കാളികളാകുന്ന സിഎംഎഫ്ആർഐ കൃഷി ലോകം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കൊച്ചി നഗരസഭ പരിധിയിലെ മൂന്നേക്കറോളം വരുന്ന തരിശുനിലത്ത് കിഴങ്ങ്-പയർ വിളകളും പച്ചക്കറിയും കൃഷി ചെയ്യുന്നത്.
സംസ്ഥാനത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തതക്കായി പ്രവർത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടർന്നാണ് കൃഷി. സിഎംഎഫ്ആർഐയുടെ തേവര കസ്തൂർബാനഗറിലുള്ള പാർപ്പിട സമുച്ഛയത്തിൽ നടക്കുന്ന കൃഷിക്ക് മന്ത്രി വി എസ് സുനിൽ കുമാർ തുടക്കം കുറിച്ചു. കൃഷിലോകം ക്ലബ്ബിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
മറ്റുള്ളവരെ ആശ്രയിക്കാതെ സുരക്ഷിതമായ ഭക്ഷ്യവിഭവങ്ങൾ സ്വയം കൃഷിചെയ്ത് ഉൽപാദിപ്പിക്കുകയെന്ന സന്ദേശത്തിന് പ്രചാരം നൽകുകയാണ് സിഎംഎഫ്ആർഐയുടെ ലക്ഷ്യം. ഭക്ഷ്യക്ഷാമ കാലത്ത് ഏറ്റവും പ്രയോജനകരമാകുന്ന കിഴങ്ങ്-പയർ വർഗ്ഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് കൃഷി.
സിഎംഎഫ്ആർഐക്ക് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക പിന്തുണയോടെയാണ് കൃഷി ചെയ്യുന്നത്. പൂർണമായും യന്ത്രവൽകൃത രീതിയിലാണ് നിലമൊരുക്കിയത്. ആദ്യപടിയായി, രണ്ടായിരത്തി അഞ്ഞൂറ് ചുവട് കപ്പ, മൂവായിരത്തോളം കുറ്റിപ്പയർ, ഇടവിളകളായി മറ്റ് പച്ചക്കറികൾ, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് കൃഷി നടത്തുന്നത്.
സർക്കാർ സ്ഥാപനങ്ങൾ തന്നെ ഇത്തരം മാതൃകകളുമായി മുന്നോട്ട് വരുന്നത് പൊതുജനങ്ങളിൽ കൃഷിയോടുള്ള താൽപര്യം കൂട്ടുമെന്നാണ് കരുതന്നതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. മുൻകാലങ്ങളിൽ, ക്ഷാമകാലത്ത് കേരളത്തിന് താങ്ങായി നിന്നതിനാലാണ് ആദ്യഘട്ടത്തിൽ തന്നെ കപ്പ കൃഷിചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ സിഎംഎഫ്ആർഐയിൽ പ്രവർത്തിക്കുന്ന കെവികെയുടെ ഫാം ഷോപ്പി വഴി പൊതുനജങ്ങൾക്ക് ലഭ്യമാക്കും. ഇത്തരത്തിൽ കൃഷി തുടങ്ങാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കെവികെയുടെ സാങ്കേതിക സഹായം നൽകാൻ തയ്യാറാണെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ അറിയിച്ചു. നിലമൊരുക്കുന്നതിന് കെവികെയുടെ കാർഷിക ഉപകരണങ്ങൾ ആവശ്യക്കാർക്ക് ഉപയോഗപ്പെടുത്താം. കെവികെയുടെ സാങ്കേതിക സഹായം ആവശ്യമുള്ളവർ 8281757450 എന്ന നമ്പറിൽ വാട്്സാപ്പ് സന്ദേശം അയച്ചു രജിസ്റ്റർ ചെയ്യാം.
മിനി റൈസ് മില്ലുകൾ രൂപകൽപന ചെയ്യാൻ മന്ത്രിയുടെ നിർദേശം
പാടശേഖരസമിതി അടിസ്ഥാനത്തിൽ നെല്ല് പുഴുങ്ങി ഉണക്കി കുത്തുന്ന ചെറിയ മിൽ രൂപകൽപന ചെയ്ത് പ്രവർത്തിച്ച് കാണിക്കാൻ കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തോട് നിർദേശിച്ചു. ഇടത്തരം നെൽകർഷകർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇത്തരം മില്ലുകളുടെ അഭാവമാണെന്നും കെവികെ കർഷക ഉൽപാദന സംഘങ്ങളുമായി സഹകരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിക്കുന്ന മിനി റൈസ് മിൽ വിജയകരമാണെന്ന് തെളിഞ്ഞാൽ മറ്റ് സ്ഥലങ്ങളിലും ഇവ സ്ഥാപിക്കാൻ ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ്-19 ശേഷമുള്ള കാലം അതിജീവിക്കാൻ കാർഷികവൃത്തി ജനകീയമാക്കേണ്ടതുണ്ട്. സിഎംഎഫ്ആർഐ ചെയ്തത് പോലെ മറ്റ് സർക്കാർ സ്ഥാപനങ്ങളും ഇതുപോലുള്ള കൃഷി മാതൃകകൾ പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.