അർജുനൊപ്പം റോസ്റ്റാൻ ഇനി കോൺസ്റ്റബിൾ കുട്ടൻപിള്ള എത്തുന്നു
സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം അർജുനാണ്. സമൂഹ മാധ്യമങ്ങളിൽ പുതുതരംഗം സൃഷ്ടിച്ച ട്രോളുകളുടെ മറ്റൊരു പതിപ്പ് എന്ന് വേണമെങ്കിൽ പറയാവുന്ന റിയാക്ഷൻ വീഡിയോകൾ ആണ് അർജുനെ ഇത്ര പെട്ടെന്ന് തന്നെ പ്രശസ്തനാക്കിയത്. എന്നാൽ, അർജുനൊപ്പം റിയാക്ഷൻ വീഡിയോകളുമായി നമ്മുടെ പ്രിയപ്പെട്ട കോൺസ്റ്റബിൾ കുട്ടൻപിള്ളയും എത്തുകയാണ് സുഹൃത്തുക്കളെ.
കോൺസ്റ്റബിൾ കുട്ടൻ പിള്ളയെ അറിയാത്തവർ ആരുമുണ്ടാകില്ല. പണ്ടു കാലം മുതൽ തന്നെ ഫേമസ് അല്ലെ ആള്. എന്നാൽ ലോക്ക്ഡൗൺ കാലത്ത് വ്യത്യസ്ത വിഡിയോകൾ പരീക്ഷിച്ച കേരളാപോലീസിന്റെ തലയിലുദിച്ച പുതിയ സൂത്രമാണ് പിസി കുട്ടൻപിള്ള. എല്ലാവർക്കും സുപരിചിതനായ കുട്ടൻപിള്ളയിലൂടെ റിയാക്ഷൻ വീഡിയോകളുമായെത്തി നമ്മളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമാണ് കേരളാപോലീസ് ഉദ്ദേശിക്കുന്നത്.
റോസ്റ്റാൻ അറിയില്ലെങ്കിലും അറിയാവുന്ന റെസിപ്പികളുമായി ഇനി മുതൽ ‘പിസി കുട്ടൻപിള്ള സ്പീകിംഗ്’ നിങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും എത്തും.
എന്നാൽ, പ്രേക്ഷകരായ നിങ്ങളുടെ സഹായം കുട്ടൻപിള്ളയ്ക്ക് വേണം. റോസ്റ്റ് ചെയ്യണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വിഡിയോകൾ നിങ്ങൾക്ക് അയക്കാവുന്നതാണ്. പ്രോത്സാഹിപ്പിക്കേണ്ടവയെ കുട്ടൻപിള്ള പ്രോത്സാഹിപ്പിക്കും, തിരുത്തേണ്ടവയെ തിരുത്തും. 9497900440 എന്ന നമ്പറിലേക്ക് #kuttanpilla എന്ന ഹാഷ്ടാഗോടെ കുട്ടൻപിള്ള അഭിപ്രായം പറയണം എന്ന് നിങ്ങൾക്ക് തോന്നുന്ന വീഡിയോകൾ വാട്സ്ആപ്പ് ചെയ്യുക. കേരളാപോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്, യൂട്യൂബ് ചാനലിൽ കുട്ടൻപിള്ള എത്തും. കാത്തിരിക്കുക..