കോവിഡ് കാലഘട്ടത്തിനു ശേഷം ജില്ലയിലെ പ്രാദേശിക ടുറിസം കേന്ദ്രങ്ങൾക്ക് ഒരുണർവ് നൽകുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ 4 പ്രമുഖ സ്ഥലങ്ങളിൽ വികസന പദ്ധതികൾക്ക് സർക്കാർ തുടക്കം കുറിച്ചു. മുൻപ് സർക്കാർ പ്രഖ്യാപിച്ച നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവ നടപ്പിൽ വരുത്തുന്നത്. വളന്തക്കാട് ദ്വീപ് വികസനം, ചെറായി ബീച്ച് നവീകരണം പൂത്തോട്ട മഹാദേവ തീർത്ഥാടക ഫെസിലിറ്റേഷൻ സെന്റർ , മലയാട്ടർ മണപ്പാട്ട് ചിറയിലെ കുട്ടികളുടെ പാർക്ക് എന്നിവയാണ് ഈ പദ്ധതികൾ.
ജില്ലയിലെ ആദ്യ ഉത്തരവാദിത്ത ടുറിസം പദ്ധതി എന്ന നിലയിലെ മുന്നോട് തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ വളന്തക്കാട് ദ്വീപിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ് മുഖ്യ പരിഗണന നൽകുന്നത്. 90 ലക്ഷത്തിൽ അധികം തുക ചിലവഴിച്ചു തയാറാക്കുന്ന ഫ്ളോട്ടിങ് ടുറിസം, ഫെസിലിറ്റേഷൻ സെന്റർ, ബോട്ട് ജെട്ടി, നടപ്പാതകൾ എന്നിവക്ക് പരിഗണന നൽകുന്നതിലൂടെ ഗ്രാമീണ വിനോദ സഞ്ചാരത്തിനാണ് മുൻതൂക്കം ലഭിക്കുന്നത്.
ചെറായി ബീച്ചിലെ വികസന പദ്ധതികൾ ഗ്രീൻ കാർപെറ്റ് ടുറിസം പദ്ധതിക്ക് കീഴിലൂടെയാണ് നടപ്പിലാക്കുന്നത്. ഇവിടെ ലൈഫ് ഗാർഡുകൾക്കുള്ള നിരീക്ഷണ കേന്ദ്രം, ഭിന്ന ശേഷി സൗഹൃദ ശൗചാലയം, സി സി ടി വി ക്യാമെറകൾ ബീച് സുരക്ഷാ ഉപകരണങ്ങൾ എന്നിവയെല്ലാം തയാറാകും. 55 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിൽ കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷനും സഹകരിക്കുന്നുണ്ട്.
പ്രസിദ്ധമായ പൂത്തോട്ട മഹാദേവ ക്ഷേത്ര പരിസരത്തു തീർത്ഥാടക ടുറിസം പദ്ധതിയുടെ ഭാഗമായി പിൽഗ്രിം ഫെസിലിറ്റേഷൻ സെന്റര് ഏകദേശം 2 കോടി രൂപ ചിലവിൽ പൂർത്തിയാക്കും.
മറ്റൊരു പ്രസിദ്ധ തീർത്ഥാടക കേന്ദ്രമായ മലയാറ്റൂർ പള്ളിക്ക് സമീപമുള്ള മണപ്പാട്ടു ചിറയിൽ 65 ലക്ഷം രൂപ ചിലവിൽ കുട്ടികളുടെ പാർക്ക് നിർമ്മിക്കും. ഇതും തീർത്ഥാടക ടുറിസം പദ്ധതിയുടെ ഭാഗമായി വൈകാതെ നടപ്പിൽ വരുത്തും. ക്രിസ്മസ് കാലത്തു ഈ തടാക കരയിലെ വർണ്ണാഭമായ ലൈറ്റിങ് സംവിധാനവും ആയിരത്തോളം നക്ഷത്രങ്ങളുട കെടാശോഭയും ധാരാളം ടുറിസ്റ്റുകളെ ഇങ്ങോട്ടു ആകർഷിക്കാറുണ്ട്.
നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായ ഇവയിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണ പൂർത്തീകരണ ഉൽഘാടനവും രണ്ടെണ്ണത്തിന്റെ നിർമ്മാണ ഉൽഘാടനവും ഏതാനും ആഴ്ചകൾക്കുളിൽ നടക്കുന്നതാണ്.