കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് തടയിടാൻ ജില്ലാ ഭരണകൂടം ഘട്ടംഘട്ടമായി നടപ്പാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഒരു മഴ വന്നാൽ വെള്ളക്കെട്ടുകൾ കൊണ്ട് നിറയുന്ന പ്രദേശമായ കൊച്ചി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വർഷങ്ങളായി ഒഴുക്ക് നിലച്ചുപോയ തോടുകളും കാനകളുമെല്ലാം കളക്ടറുടെ മേൽനോട്ടത്തിൽ നവീകരിച്ചിരുന്നു. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഒന്നാംഘട്ടത്തിലെ 90% നിർമ്മാണപ്രവർത്തനങ്ങളും പൂർത്തിയാക്കിയാണ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്നത്.
കളക്ടർ നേതൃത്വം നൽകിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ വിന്റെ ഒന്നാംഘട്ടം ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു. നഗരത്തിലെ പ്രധാന തോടുകൾ കേന്ദ്രീകരിച്ചാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടക്കുക. കായലിലേക്ക് വെള്ളമൊഴുകുന്ന തോടുകളുടെ ഒഴുക്ക് ഈ ഘട്ടത്തിൽ സുഗമമാക്കാനാണ് രണ്ടാംഘട്ടത്തിൽ ഊന്നൽ നൽകുന്നത്. തേവര കായൽമുഖം, കോയിത്തറ കനാൽ,ചിലവന്നൂർ കായൽ, ചിലവന്നൂർ ബണ്ട് റോഡ്,കാരണകോടം തോട്, ചങ്ങാടം പോക്ക് തോട്, ഇടപ്പള്ളി തോട് എന്നീ നഗരത്തിലെ പ്രധാന തോടുകളാണ് രണ്ടാം ഘട്ടത്തിൽ നവീകരിക്കുന്നത്.
എറണാകുളം ജില്ലാ പണ്ടുകാലം മുതൽ തന്നെ നേരിടുന്ന പ്രശ്നമാണ് വെള്ളക്കെട്ട്. ഓപ്പറേഷൻ ബ്രേക്ക് ത്രൂ മുഖേന ഈ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് ഭരണകൂടവും സർക്കാരും വിശ്വസിക്കുന്നത്.
മഴക്കാലത്തിനു മുൻപ് തന്നെ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം എത്രയും വേഗം കാണാനാണ് ജില്ലാ ഭരണകൂടം പരിശ്രമിക്കുന്നത്.