കൊച്ചി വാട്ടർ മെട്രോ പദ്ധതി യാഥാർഥ്യമാകുന്നു
കൊച്ചിക്കാർ ഏറെ നാളുകളായി കേട്ടുകൊണ്ടിരിക്കുന്ന വാട്ടർ മെട്രോ എന്ന നൂതന ജല ഗതാഗത സംവിധാനത്തിന് കളമൊരുങ്ങുന്നു. വാട്ടർ മെട്രോയിലെ ആദ്യ ബോട്ടിൻറെ നിർമ്മാണം കഴിഞ്ഞ ദിവസം കൊച്ചിൻ ഷിപ്യാർഡിൽ ആരംഭിച്ചു. 100 പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട അറകളുള്ള അലുമിനിയം ബോട്ടിന്റെ സ്റ്റീൽ കട്ടിങ് ചടങ്ങിൽ കെ എം ആർ എൽ എം ഡി അൽകേഷ് കുമാർ ശർമ്മ കൊച്ചിൻ ഷിപ്യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറും ആയ മധു എസ് നായർ എന്നിവർ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ഇരു സ്ഥാപനങ്ങളിലെയും ഉയർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതി എന്ന നിലക്കാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ജല മെട്രോ സർവീസ് ആരംഭിക്കുന്നത്. ഈ പദ്ധതി പ്രകാരം 100 പേർക്ക് യാത്ര ചെയ്യാവുന്ന 50 ബോട്ടുകളും 50 പേർക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകളുമാണ് നിർമ്മിക്കുന്നത്. രാജ്യത്തു ആദ്യമായിട്ടാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബോട്ടിന്റെ നിർമ്മാണം നടക്കുന്നത്. ആദ്യ ബോട്ടിന്റെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കാനാകുമെന്നു ഷിപ്യാർഡ് ചെയർമാൻ വ്യക്തമാക്കി. അടുത്ത ഫെബ്രുവരിയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സർവീസുകൾ കൊച്ചിയിലെ പൊതു ഗതാഗത പ്രശനങ്ങൾക്കു വലിയൊളവിൽ പരിഹാരമാകുമന്നും തദ്ദേശീയ ടൂറിസത്തിനു പുത്തനുണർവേകുമെന്നും പ്രവചിക്കപെടുന്നു. ഏറെ കാലമായി ഉയർന്നു കേൾക്കുന്ന ഒരു വിഷയമായിരുന്നു കൊച്ചിയിലെ ജല പാതകൾ സഞ്ചാര യോഗ്യമാക്കി കൊണ്ടുള്ള പൊതു ഗതാഗത സംവിധാനം.