ആദ്യ ഇന്ത്യ – മാലദ്വീപ് കാർഗോ കപ്പൽ കൊച്ചിയിൽ.
തൂത്തുക്കുടിയിൽ നിന്ന് മാലദ്വീപിലേക്കു പുറപ്പെട്ട കാർഗോ ഫെറി സർവീസ് കപ്പലായ ‘എം സി പി ലിൻസ്’ ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിച്ചേർന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ എം ബീന സ്വീകരണ ചടങ്ങിന് ആതിഥേയമരുളി. മാലദ്വീപ് ലക്ഷ്യമാക്കി തൂത്തുക്കുടിയിൽ നിന്ന് പുറപ്പെട്ട കപ്പൽ 29 ന് മാലദ്വീപിൽ എത്തിച്ചേരും.
ഇരു രാജ്യങ്ങൾക്കുമിടയിലെ ഈ ആദ്യ കാർഗോ സർവീസിന്റെ ഉൽഘാടനം, കഴിഞ്ഞ ദിവസം കേന്ദ്ര ഷിപ്പിംഗ് മന്ത്രി മൻസൂഖ് മാണ്ഡവ്യയും മാലദ്വീപ് വ്യോമയാന മന്ത്രി ഐഷത് നഹുലയും ചേർന്ന് ഓൺലൈനിലൂടെ നിർവഹിച്ചു. അയൽ രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ ബന്ധത്തിലെ ഒരു പുത്തൻ ചുവടുവെയ്പ്പായിട്ടാണ് ഈ സർവീസിനെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. മാസത്തിൽ രണ്ടു സർവീസുകൾ വീതം ഉണ്ടാകും.
ഷിപ്പിംഗ് കോർപറേഷൻ നിയന്ത്രണത്തിലുള്ള ഈ കപ്പൽ കൊച്ചിയിൽ നിന്ന് കാർഗോ കയറ്റിയതിനു ശേഷം ഈ മാസം 26 ന് മാലദ്വീപിലേക്ക് തിരിക്കും.