കൊച്ചി: നഗരത്തിലെ റോഡുകളിൽ ഇരുവശത്തുമായി നിർമ്മിച്ച സൈക്കിൾ ട്രാക്കുകൾ മോട്ടോർ വാഹനങ്ങൾ പാർക്കിംഗിനായി കൈയ്യടക്കുന്നതിനാൽ നിലവിലെ ട്രാക്കുകൾ സൈക്കിൾ യാത്രക്കാർക്ക് പ്രായോജനകരമല്ല എന്ന് സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സ് കൊച്ചി പ്രസ്താവനയിലൂടെ അറിയിച്ചു. മീഡിയനുകളിലൂടെയുള്ള സൈക്കിൾ പാതകൾ നിർമിക്കുന്നതാണ് ഇതിനുള്ള ഏക പരിഹാരാമെന്നും, 2019 ൽ തന്നെ ഇത് അധികൃതരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും അനുകൂല നടപടികളൊന്നും തന്നെ ഉണ്ടായില്ല എന്നും പെഡൽ ഫോഴ്സ് കൊച്ചി കൂട്ടി ചേർക്കുന്നു.
വിദേശ രാജ്യങ്ങളിൽ മീഡിയനുകളിലൂടെയുള്ള സൈക്കിൾ പാതകൾ നിലവിലുണ്ട്. റോഡുകളിലെ മീഡിയൻ പുനക്രമീകരിച്ച് പുതിയതായി സ്ഥലം ഏറ്റെടുക്കാതെ സൈക്കിൾ പാത നിർമ്മാണം സാധ്യമാണെന്നും ഈ വിഷയത്തിൽ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്നും പെഡൽ ഫോഴ്സ് ഫൗണ്ടർ ചെയർമാൻ ജോബി രാജു പ്രസ്താവനയിൽ അറിയിച്ചു.
സൈക്കിൾ ട്രാക്കുകൾ മോട്ടോർ വാഹനങ്ങൾ കയ്യടക്കുന്ന സാഹചര്യം ഒഴിവാക്കാൻ മീഡിയനുകളിലൂടെയുള്ള സൈക്കിൾ പാതകളാണ് സ്ഥല പരിമിധിയുള്ള കൊച്ചിയിലെ ഹൈവേകളിൽ കൂടുതൽ അനുയോജ്യം എന്ന് 2019 മുതൽ പെഡൽ ഫോഴ്സ് അധികൃതർക്ക് നിവേദനവും മറ്റും നൽകി ശ്രെദ്ധയിൽപ്പെടുത്തിയിരുന്നു.പുതുതായി പണികഴിപ്പിച്ച സൈക്കിൾ പാതകൾ ഒന്നും തന്നെ തിരക്കുള്ള സമയങ്ങളിൽ സൈക്കിൾ സവാരികൾക്ക് ഒട്ടും യോജിച്ച രീതിയിലല്ല എന്നുള്ള ആക്ഷേപം കുറച്ചു കാലമായി പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.