ഗോശ്രീ പാലം മുതൽ കെട്ടു വള്ളം വരെയുള്ള മറൈൻ ഡ്രൈവിന്റെ നവീകരിച്ച ഭാഗം കഴിഞ്ഞ ശനിയാഴ്ച മുതൽ പൊതു ജനത്തിന് തുറന്നു കൊടുത്തു. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് മറൈൻ ഡ്രൈവിലെ ഈ നടപ്പാത പുനർനിർമ്മിച്ചത്. കുടുംബങ്ങളെയും കുട്ടികളെയും ആകർഷിക്കുന്ന നിരവധി സജ്ജീകരണങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. പാമ്പും കോണിയും കളികളും ഊഞ്ഞാലുകളും ഓപ്പൺ ജിം ഭംഗിയുള്ള വിളക്കുമരങ്ങളും എന്നിങ്ങനെ വ്യത്യസ്ത ക്രമീകരണങ്ങളാൽ ഏറെ ശ്രദ്ധേയമാണ് ഇവിടുത്തെ സംവിധാനങ്ങൾ. വൃത്തിഹീനമായ അവസ്ഥയും സാമൂഹിക വിരുദ്ധരുടെ സ്ഥിരം സാന്നിദ്യവും മൂലം ഏറെ കാലമായി ഈ ഭാഗത്തേക്ക് പോകുവാൻ പതിവ് സന്ദർശകർ മടിച്ചിരുന്നു. ആ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. ജി സി ഡി എ യുടെ 2019-2020 ബഡ്ജറ്റിൽ മറൈൻ ഡ്രൈവ് മോടിപിടിക്കൽ പദ്ധതി ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീടത് സ്മാർട്ട് സിറ്റി പ്രോജക്ടിന്റെ ഭാഗമാവുകയായിരുന്നു. പ്രശസ്ത സാമൂഹിക പ്രവർത്തകനായ രഞ്ജിത്ത് തമ്പി രണ്ടു വർഷത്തോളം നടത്തിയ നിയമ പോരാട്ടമാണ് ഈ നവീകരണ പദ്ധതി യാഥാർഥ്യമാക്കുന്നതിന് സഹായകരമായത്.
ഇതിനോട് ചേർന്ന് അബ്ദുൾ കലാം മാർഗ് എന്ന പേരിൽ ഒരു സ്ഥിരം കേന്ദ്രം സാംസ്കാരിക കലാ പ്രവർത്തനങ്ങൾക്കായി ഒരുങ്ങുന്നുണ്ട്. കൊച്ചിയെ സംസ്ഥാനത്തെ കലാസാംസ്കാരിക കേന്ദ്രമാകുക എന്ന ലക്ഷ്യത്തോടെ കൊച്ചി കോര്പറേഷൻ മുൻകൈ എടുത്തു നടപ്പിലാക്കുന്ന ചില സാംസ്കാരിക കൂട്ടായ്മകൾ ഇവിടെ വൈകാതെ അരങ്ങേറുന്നതാണ്.