രാജ്യത്ത് ആദ്യമായി നൂതനമായ ഒരു കോവിഡ് പ്രതിരോധ രീതിക്കു തുടക്കം കുറിച്ചിരിക്കുകയാണ് കൊച്ചി നഗരസഭ. പ്രത്യേകം പരിശീലനം ലഭിച്ച പതിനെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍, അവരുടെ ഓട്ടോകളുമായി ഇന്നു മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പ്രതിരോധത്തിന് സജ്ജരായുണ്ടാകും.എറണാകുളം ജില്ലാ ഓട്ടോ റിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘവും കൊച്ചി കോർപ്പറേഷനും കൈകോർക്കുന്ന ഈ പദ്ധതിക്ക് ജർമൻ അന്താരാഷ്ട്ര വികസന ഏജൻസിയുടെ പിന്തുണയുണ്ട്.
പദ്ധതിയുടെ ഔപചാരിക ഉൽഘാടനം ഇന്ന് എറണാകുളം ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓൺ ലൈനായി കൊച്ചി മേയർ എം അനിൽകുമാർ നിർവഹിച്ചു. കോവിഡ് പ്രതിരോധപദ്ധതികൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓട്ടോ ആംബുലന്‍സ് പദ്ധതി കൊച്ചിയില്‍ നടപ്പിലാക്കുന്നത്. രോഗികളെ ആശുപത്രികളിലെത്തിക്കുക, മരുന്നും ഭക്ഷണവും എത്തിക്കുക തുടങ്ങിയ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ ലഭ്യമാകും. കോവിഡ് പ്രതിരോധത്തിനാവശ്യമായ മരുന്നുകളും ഉപകരണങ്ങളുമായാണ് ഓട്ടോ ആംബുലന്‍സ് സജ്ജമാക്കിയിരിക്കുന്നത്. ഓട്ടോ അംബുലന്‍സില്‍ പോര്‍ട്ടബിൾ ഓക്സിജന്‍ ക്യാബിനുകള്‍, പള്‍സ് ഓക്സിമീറ്റര്‍, ഇന്‍ഫ്ര റെഡ് തെര്‍മോമീറ്റര്‍ എന്നീ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന വിധത്തിലാണ് ഓട്ടോ ആംബുലന്‍സ് സംവിധാനം നിലനിർത്തിയിരുന്നത്.
എറണാകുളം ജില്ലാ ഓട്ടോ റിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ പദ്ധതിയിൽ ഒരു വനിതയടക്കം പതിനെട്ട് ഓട്ടോ ഡ്രൈവര്‍മാരാണ് സന്നദ്ധ ഭടൻമാരായി പ്രവർത്തിക്കുക.
സംസ്ഥാന സര്‍ക്കാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്, കേരള മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, സി-ഹെഡ്, കോറോണ സേഫ് നെറ്റ് വര്‍ക്ക്, ടെക്ക്നോവിയ തുടങ്ങിയ സ്ഥാപനങ്ങളുടേയും പിന്തുണ ഈ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. ഈ പദ്ധതിക്കാവശ്യമായ സാമ്പത്തിക ചെലവ് വഹിക്കുന്നത് ജി.ഐ.ഇസഡും കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനും ചേര്‍ന്നാണ്. ഇന്ന് മാത്രം രണ്ട് നേരങ്ങളിലായി 4557 ഭക്ഷണ പൊതികൾ വിതരണം ചെയ്തു. കോവിഡ് രോഗികള്‍ക്കായുളള ഭക്ഷണ പൊതികള്‍ക്ക് പുറമേ തെരുവില്‍ കഴിയുന്നവര്‍ക്കായി 221 ഭക്ഷണ പൊതികളും ഇക്കൂട്ടത്തിൽ വിതരണം ചെയ്തു.