ദേശിയ പുരസ്കാരനിറവിൽ കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം
കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് ഗവേഷണ മികവിനും മറ്റുമായി നാല് ഐ.സി.എ.ആർ പുരസ്കാരങ്ങൾ. കടൽപായലിൽ നിന്നും പ്രമേഹമുൾപ്പെടെ വിവിധ ജീവിതശൈലീ രോഗങ്ങൾക്കുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിച്ചതിന് സ്ഥാപനത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ കാജൽ ചക്രവർത്തിക്ക് ലഭിച്ച ദേശീയ അംഗീകാരമാണ് ഇതിൽ പ്രധാനം.
കാർഷിക-കർഷകക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) ഗവേഷണ രംഗത്ത് മികവ് തെളിയിച്ച ശാസ്ത്രജ്ഞർക്കുള്ള ഏറ്റവും ഉയർന്ന നോർമൻ ബോർലോഗ് ദേശീയപുരസ്കാരമാണ് കാജൽ ചക്രവർത്തിക്ക് ലഭിച്ചത്. അഞ്ച് വർഷത്തിലൊരിക്കൽ മാത്രം നൽകുന്ന ഈ പുരസ്കാരത്തിന് 10 ലക്ഷം രൂപയാണ് സമ്മാനം. ഇതിനു പുറമെ, അനുയോജ്യമായ ഗവേഷണപദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് അഞ്ച് വർഷത്തേക്ക് ഒന്നര കോടി രൂപ ഗവേഷണ ഗ്രാന്റും ലഭിക്കും.
കാർഷിക ഗവേഷണ രംഗത്ത് വഴിത്തിരിവാകുന്ന മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയതിനാണ് ഡോ കാജലിന് ഈ പുരസ്കാരം ലഭിച്ചത്. സന്ധിവേദന, ടൈപ്പ്-2 പ്രമേഹം, അമിതവണ്ണം, അമിതരക്തസമർദം, തൈറോയിഡ്, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നീ ജീവിതശൈലീ രോഗങ്ങൾക്ക് ഫലപ്രദമായ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ കടൽപായലിൽ നിന്നും വികസിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ നേട്ടങ്ങളിൽപെടുന്നു. കോവിഡ് മഹാമാരിയുടെ വരവോടെ വികസിപ്പിച്ച രോഗപ്രതിരോധശേഷി കൂട്ടാൻ സഹായകമായ ഇമ്യൂൺ-ബൂസ്റ്ററാണ് ഈ ഗണത്തിൽ ഏറ്റവും ഒടുവിലായി ഡോ കാജൽ വികസിപ്പിച്ചത്.
ഇതുൾപ്പെടെ, ഐസിഎആറിന്റെ 93ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത പുരസ്കാരങ്ങളിൽ നാലെണ്ണം സിഎംഎഫ്ആർഐക്ക് ലഭിച്ചു. മികച്ച ഡോകട്റൽ പ്രബന്ധത്തിന് നൽകുന്ന ജവഹർലാൽ നെഹ്റു പുരസ്കാരം സിഎംഎഫ്ആർഐയിൽ ഗവേഷകവിദ്യാർത്ഥിയായ ഡോ ഫസീന മക്കാറിന് ലഭിച്ചു. കൂടാതെ, ഔദ്യോഗിക ഭാഷാനയം മികവോടെ നടപ്പിലാക്കിയതിന് രാജർഷി ടാൻഡൻ രാജ്ഭാഷ പുരസ്കാരവും സിഎംഎഫ്ആർഐ നേടി. 11ാമത് തവണയാണ് സിഎംഎഫ്ആർഐക്ക് ഈ പുരസ്കാരം ലഭിക്കുന്നത്. മികച്ച ഹിന്ദി മാഗസിനുള്ള ഗണേഷ ശങ്കർ വിദ്യാർത്ഥി പുരസ്കാരത്തിന് സിഎംഎഫ്ആർഐയുടെ ഹിന്ദി മാഗസിനായ ‘മത്സ്യഗന്ധ’ അർഹമായി.
ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. യോജിച്ച ഗവേഷണ സംരംഭങ്ങളിലൂടെ കാർഷികമേഖലയെ ശക്തിപ്പെടുത്തുന്നത്് രാജ്യത്തിന്റെ ഗ്രാമവികസനത്തിന് വലിയതോതിൽ ഗുണംചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ പർശോത്തം രൂപാല, അശ്വിനി വൈഷ്ണവ്, കൈലാസ് ചൗധരി, ശോഭ കരന്ദ്ലജെ എന്നിവർക്കൊപ്പം കാർഷികമന്ത്രാലയത്തിലെയും ഐസിഐആറിലെയും മുതിർന്ന ഉദ്യോഗസ്ഥരും പുരസ്കാരസമ്മാന ചടങ്ങിൽ സംബന്ധിച്ചു.
Photo 1: Dr. Kajal Chakravathry
Photo 2: Medicine