രാജ്യത്തെ സുസ്ഥിര വികസന സൂചികയിൽ കൊച്ചി അഞ്ചാം സ്ഥാനത്ത്
കേന്ദ്ര സർക്കാരിന്റെ സുസ്ഥിര നഗര വികസന സൂചികയിൽ കൊച്ചി നഗരത്തിന് അഞ്ചാം സ്ഥാനം. ‘നീതി ആയോഗ്’ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം നൂറിൽ 72.29 മാർക്കാണ് കൊച്ചിക്ക് ലഭിച്ചത്. സ്ത്രീ ശാക്തീകരണം, സാമ്പത്തിക രംഗം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക വികസനം, ദാരിദ്ര ലഘൂകരണം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഹരിത ഊർജം, ജല ലഭ്യത, വ്യവസായം, കാലാവസ്ഥ രംഗത്തെ പ്രവർത്തനങ്ങൾ, എന്നിങ്ങനെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങൾക്ക് മാർക്ക് നിർണ്ണയിച്ചത്.
ഇതിൽ വിവിധ മേഖലകളിലെ മികച്ച ട്രാക്ക് റെക്കോർഡ് കൊച്ചിക്ക് അനുകൂല ഘടകങ്ങൾ ആയി മാറി.
വനിതാ സംരഭകർക്കായി ആരംഭിച്ച ഓൺലൈൻ പരിശീലന പരിപാടികൾ, പരിസ്ഥിതി സൗഹൃദ പരിപാലനത്തിനായി ഏർപ്പെടുത്തിയ ബയോ ഡിവേഴ്സിറ്റി രജിസ്റ്റർ, ഗ്രീൻ എനർജി എന്ന ആശയവുമായി ബന്ധപ്പെട്ട് ജർമ്മൻ ഏജൻസിയായ ജി ഐ ഇസെഡുമായി ചേർന്ന് 100 ഇ ഓട്ടോകൾ നിരത്തിലിറക്കിയ പദ്ധതി, കാൽനട യാത്രക്കാർക്കായി നടപ്പാതകളും, സൈക്കിൾ സവാരിക്കാർക്കായി സൈക്കിൾ പാതകളുടെ നിർമ്മാണം ഇവയെല്ലാം കൊച്ചിയെ മുന്നിരയിലെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഘടകങ്ങൾ ആണ്.
ഇങ്ങനെയൊരു അപൂർവം നേട്ടം കൈവരിക്കാനായത് ഏറെ സന്തോഷം പകരുന്ന വർത്തയാണെന്ന് മേയർ എം അനിൽകുമാർ പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.
“കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് ഇന്ത്യയിലുടനീളം നഗരങ്ങളിൽ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക സൂചികകൾ അടിസ്ഥാനമാക്കി നടത്തിയ സർവ്വേയിലാണ് 100 ൽ 72.29 പോയിന്റുമായി കൊച്ചി 5-ാം സ്ഥാനത്ത് എത്തിയത്. ദേശീയ പൊതുജനാരോഗ്യ സർവ്വേ ദേശീയ ക്രൈം റെക്കോർഡ് ബ്യുറോ തുടങ്ങിയവയുടെ സഹായത്തോടെയാണ് സർവ്വേ നടന്നത്.
പ്രകൃതിയെ അടിസ്ഥാനമാക്കി നമ്മൾ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നു എന്നത് അങ്ങേയറ്റം അഭിമാനാർഹമാണ്. കൊച്ചി വളരുകയാണ് റോഡും , കനാലും കെട്ടിടങ്ങളുടെയും വികസനം മാത്രമല്ല ഇവിടെ ജീവിക്കുന്ന നമ്മൾ ഓരോരുത്തരുടെയും സന്തോഷവും സമാധാനവും ആണ് ഒരു നഗരത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നത്. അതിനായി നമുക്ക് മുന്നേറാം …”
Photo courtesy – Kerala tourisam