വൈറ്റില ജംഗ്ഷനിൽ നിരന്തരമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഗതാഗതകുരുക്കിന് പരിഹാരമായി വിശദമായ ഒരു മാസ്റ്റർ പ്ലാൻ തയാറാകുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി സ്ഥലപരിശോധനയും അനുബന്ധ യോഗവും ചേർന്ന് അടിയന്തര പരിഹാര മാർഗങ്ങൾ ഉടൻ നടപ്പിൽ വരുത്താനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കി.
കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ രണ്ട് പരിഹാര നിര്‍ദ്ദേശങ്ങളാണ് പോലീസ് കമ്മീഷണര്‍ അവതരിപ്പിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഏതാണ്ട് 2 ഏക്കറോളം സ്ഥലം വൈറ്റില ജംഗ്ഷന്റെ വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ടതുണ്ട്. ജനപ്രതിനിധികളും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും തത്വത്തില്‍ അംഗീകരിച്ച ഈ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി എല്ലാ വകുപ്പുകളും ചേര്‍ന്ന് ഒരു സംയുക്ത പരിശോധന നടത്തി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും. ഈ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാലുടന്‍ അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. ഹ്രസ്വകാലത്തേക്കുളള പരിഹാരമെന്ന നിലയില്‍ ട്രാഫിക് ഐലന്റുകളിലെ കുറെയധികം ഭാഗം പൊളിച്ചു മാറ്റണമെന്നാണ് പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പുതിയ ബസ് സ്റ്റോപ്പുകളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ട്രാഫിക് സിഗ്നല്‍ സംവിധാനത്തിലും മാറ്റങ്ങള്‍ ആവശ്യമാണ്. അതിനായി പി.ഡബ്ല്യ.ഡി, കേരള റോഡ് ഫണ്ട് ബോര്‍ഡ് എന്നീ വകുപ്പുകളില്‍ നിന്നും അനുമതി ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ നഗരസഭയ്ക്കു വേണ്ടി ഉറപ്പു നല്കി. എന്‍.എച്ച്.എ.ഐ.-ക്ക് മേയറോടൊപ്പം കത്ത് നല്കുവാന് ഹൈബി ഈഡന് എം.പി.യും തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്.. ഹ്രസ്വകാല പദ്ധതികളെ കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പായി നടക്കുന്ന പരിശോധനയില്‍ ട്രാഫിക് പോലിസിനൊപ്പം വൈറ്റില പ്രദേശത്തെ 5 കൗണ്‍സിലര്‍മാര്‍ പങ്കെടുക്കും. വൈറ്റില ജംഗ്ഷനിലെ ട്രാഫിക് പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ഭരണ – പ്രതിപക്ഷ വ്യത്യസമില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകാനും തീരുമാനമായിട്ടുണ്ട്. യോഗത്തിൽ കൊച്ചി മേയർ എം അനിൽ കുമാർ, ഹൈബി ഈഡൻ എം പി, പി ടി തോമസ് എം എൽ എ സിറ്റി പോലീസ് കമ്മീഷണർ സി എഛ് നാഗരാജൂ എന്നിവർ പങ്കെടുത്തു.