സംസ്ഥാന സർക്കാരിന്റെ ഏറ്റവും പുതിയ ബജറ്റ് പ്രഖ്യാപന പ്രകാരം കരയിലും വെള്ളത്തിലും ഒരു പോലെ സഞ്ചരിക്കാൻ കഴിയുന്ന ആംഫി ബസുകൾ കൊച്ചിയിൽ വൈകാതെ എത്തും. ടൂറിസം മേഖലക്ക് കൂടുതൽ കരുത്ത് പകരുന്ന ഈ പ്രഖ്യാപനം എത്രേയും വേഗം നടപ്പിലാക്കി കാണുവാണ് സംസ്ഥാനത്തെ ടൂറിസം മേഖല ആശിക്കുന്നതും. ഇതിനായി പ്രാഥമിക ഘട്ടത്തിൽ 5 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത് കൊച്ചിക്കു പുറമെ കൊല്ലത്തിനും തലശ്ശേരിക്കും ഇത്തരം ബസുകൾ അനുവദിച്ചിട്ടുണ്ട്.
എന്താണ് ഈ ആംഫി ബസുകൾ
കരയിൽ കൂടി സഞ്ചരിക്കുന്ന സാധാരണ വലിയ ബസ് അല്പം വേഗം കുറച്ചു വെള്ളത്തിലേക്ക് ഇറങ്ങി പിന്നീടു വേഗം വർധിപ്പിച്ചു ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്നത് മലയാളികൾ ആദ്യം കണ്ടിട്ടുള്ളത് പഴയകാല ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ ആയിരിക്കാം. ബസിനടിയിൽ പ്രത്യകമായി തയാറാക്കിയ വായു അറകൾ ആണ് ഈ ബസുകളെ താറാവുകളെ പോലെ വെള്ളത്തിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്നത്. ഇംഗ്ളണ്ട്, ഇറ്റലി, ജർമ്മനി, നെതർലൻഡ്സ്, ജപ്പാൻ, യൂ എ ഇ എന്നീ രാജ്യങ്ങളിലെ ടൂറിസം മേഖലയിൽ ഇത് പതിവ് കാഴ്ചയാണ്. ഏതെങ്കിലും നഗരത്തിലെ വിവിധ ടുറിസ്റ് കേന്ദ്രങ്ങളെ തമ്മിൽ ജല ഗതാഗതത്തിലൂടെ ബന്ധിപ്പിക്കുന്ന ഇത്തരം യാത്ര മാർഗങ്ങൾ സഞ്ചാരികളെ ഏറെ ആനന്ദിപ്പിക്കാറുണ്ട്. ഏറെക്കാലമായി ഇത്തരമൊരു പദ്ധതി സംസ്ഥാനത്തു നടപ്പിലാക്കുന്നതിനേ കുറിച്ച് സർക്കാർ വൃത്തങ്ങളിൽ ഗൗരവപരമായ പല ചർച്ചകളും നടന്നു കഴിഞ്ഞിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ 2018 ൽ ഈ പദ്ധതിയെ കുറിച്ച് വിശദമായി പഠനം നടത്തുകയും സംസ്ഥാന ജല ഗതാഗത വകുപ്പിനെ നടത്തിപ്പ് ഏൽപ്പിക്കുന്നതിനും ഏകദേശ ധാരണയായി കഴിഞ്ഞിരുന്നു. എന്നാൽ പിന്നാലെ വന്ന പ്രളയവും സാമ്പത്തിക പ്രതിസന്ധികളും കോവിഡ് മഹാമാരിയും ഇത് നടപ്പിൽ വരുന്നതിന് തടയിട്ടു. ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിൽ ഇത് ടൂറിസം വകുപ്പിനെ ഏൽപ്പിക്കാനും അതു വഴി ആ മേഖലയിൽ ഒരു പുത്തൻ ഉണർവിന് തുടക്കം കുറിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. മാത്രമല്ല സാധാരണക്കാരക്കാൾ ഈ പദ്ധതി ഉപകാരപ്പെടുക അഭ്യന്തര -വിദേശ സഞ്ചാരികൾക്കായിരിക്കും എന്ന കാര്യത്തിലും ആർക്കും രണ്ടഭിപ്രായമില്ല.
എന്നാൽ ഇത്തരം ബസുകൾ ഇറക്കുമതി ചെയുമ്പോൾ ഉണ്ടാക്കുന്ന ഭീമമായ സാമ്പത്തിക ബാധ്യതയാണ് അധികാരികളെ കൂടുതൽ ബുദ്ധിമുട്ടിക്കുക. വിദേശത്തു നിന്ന് ഇത്തരം ബസുകൾ ഇറക്കുമതി ചെയുമ്പോൾ ഏകദേശം 11-12 കോടി രൂപാ ചെലവ് വരുമത്രെ. ചിലയവസരങ്ങളിൽ കസ്റ്റംസ് ഡ്യൂട്ടി 300% വരുന്നതാണ് ചെലവ് കൂടുന്നതിന്റെ പ്രധാന കാരണം. കുറച്ചു വർഷങ്ങൾക്കു മുൻപ് മുബൈയിലെ ജെ എൻ പി ടി തുറമുഖം 3 കോടി രൂപ ചിലവിൽ ഇറക്കുമതി ചെയ്ത ആംഫി ബസിന് കസ്റ്റംസ് വകുപ്പ് 225% ഡ്യൂട്ടി ചുമത്തിയത് പാർലമെന്റിൽപ്പോലും വലിയ ചർച്ചയായി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഇതിനെ വിമർശിച്ചു സംസാരിക്കുകയും ചെയ്തു. കേന്ദ്ര ധനകാര്യ വകുപ്പ് ഇതിനെ ബോട്ടുകൾ എന്ന വിഭാഗത്തിൽ പെടുത്തുന്നതാണ് ഇത്തരം ഭീമമായ തുകക്ക് കാരണമാകുന്നതെന്നും അതിനു പകരം ഇത്തരം ഗതാഗത സംവിധാനങ്ങളെ ‘ബസ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ 45% മാത്രമേ ഡ്യൂട്ടി തുക വരുകയുളൂവെന്നുമാണ് അദ്ദേഹം വാദിച്ചത്. മുബൈയിലെ ടൂറിസം മേഖലയെ പരിപോഷിക്കാനായി നിതിൻ ഗഡ്കരി പ്രത്യേകം താല്പര്യമെടുത്തു കൊണ്ട് വന്ന ആംഫി ബസുകൾ ഇപ്പോഴും കട്ട പുറത്തു തന്നെ തുടരൂന്നു.
ഇന്ത്യയിൽ പൊതുവെ പരാജയത്തിന്റെ കഥകളാണ് ഇത്തരം ആംഫി ബസുകൾക്ക് പറയാനുള്ളത്. പഞ്ചാബും ഗോവയുമാണ് ഈ അടുത്ത കാലങ്ങളിൽ ഈ പദ്ധതി നടപ്പിൽ വരുത്താൻ ശ്രമിച്ച രണ്ടു സംസ്ഥാനങ്ങൾ. 2016 ൽ പഞ്ചാബ് 8 കോടി രൂപ മുടക്കിൽ 32 പേർക്ക് ഇരിക്കാവുന്ന ബസുകൾ ഇറക്കുമതി ചെയ്തത് അമൃതസറിൽ പരീക്ഷണം ഓട്ടം ആരംഭിച്ചു. വെറും പത്തു ദിവസം മാത്രമാണ് ഇത് തുടർന്നത്. കളിപ്പാവ രൂപത്തിലുള്ള ബസുകളിൽ കയറി നദിയിലൂടെ യാത്ര ചെയുവാൻ ആൾക്കാർ ഭയന്നു എന്നതാണ് പ്രധാന കാരണം. ഖജനാവിന് 8 കോടിയുടെ നഷ്ട്ടം. സമാനമായ അനുഭവം തന്നെയാണ് ഗോവക്കും പറയാനുള്ളത്. ഈ പദ്ധതി നടപ്പിലാക്കാൻ ആഗ്രഹിച്ച ബംഗാൾ സർക്കാരും ഇതോടെ പിൻവലിഞ്ഞു.
ഗോവയിലും പഞ്ചാബിലും ടുറിസം വകുപ്പുകളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടപ്പിൽ വരുത്താൻ ശ്രമിച്ചതാണ് പരാജയ കാരണമെന്ന് ചിലർ വിലയിരുത്തുന്നു. ഇതിനു പകരം സ്വകാര്യ പങ്കാളിത്തത്തോട് കൂടി ഇത് നടപ്പിൽ വരുത്തിയാൽ ചിത്രം മറിച്ചാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നു. ഈ ഗതാഗത സംവിധാനം നടപ്പിലാക്കിയ എല്ലാ വിദേശ രാജ്യങ്ങളും ഈ മാർഗം പിന്തുടർന്നത് കൊണ്ട് മാത്രമാണ് വിജയിച്ചത് എന്ന വസ്തുതയും ഇക്കൂട്ടർ ചൂണ്ടി കാണിക്കുന്നു. എന്ത് തന്നെയായാലും പദ്ധതി വേഗം നടപ്പിലായി കാണാൻ കൊച്ചിയിലെ വ്യവസായ സമൂഹവും ടുറിസം രംഗത്തുള്ളവരും ആഗ്രഹിക്കുന്നു
ആംഫി ബസുകൾ കൊച്ചിയിൽ ബോട്ടുകൾ ആയി മാറുമ്പോൾ
കൊച്ചിപ്പോലെ ജലനിബിഢമായ ഒരു നഗരം ഇന്ത്യയിൽത്തനെ അപൂർവമാണ്. കടലും, കായലും പുഴകളും ചെറു തൊടുകളുമെല്ലാം ആംഫി പോലുള്ള ഗതാഗത മാർഗ്ഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. കേരളത്തിലെത്തുന്ന ടുറിസ്റ്റുകളിൽ 65% പേർ കൊച്ചി കായൽ സൗന്ദര്യം ആസ്വദിച്ചിട്ടാണ് തിരിച്ചു മടങ്ങുന്നതെന്നു കണക്കുകൾ വെളിപ്പെടുത്തുന്നു. നിലവിൽ മറൈൻ ഡ്രൈവ് – ഫോർട്ട് കൊച്ചി റൂട്ടിൽ ദിവസത്തിൽ പലവട്ടം എന്നോണം സർവീസ് നടത്തുന്ന ചെറു ബോട്ടുകളാണ് ഈ ഭുരിഭാഗത്തേയും കായലോളങ്ങളിലേക്ക് നയിക്കുന്നത്. ആംഫി വരുന്നതോടെ ജില്ലയിലെ ടുറിസം രംഗത്തെ കൂടുതൽ ഉത്തേജ്ജിപ്പിക്കാൻ സാധ്യതയുള്ള സർവീസുകൾ.
1) മറൈൻ ഡ്രൈവ് – ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി – വെല്ലിങ്ടൺ ഐലൻഡ് – ബോൾഗാട്ടി
2) കൊടുങ്ങല്ലൂർ – പട്ടണം മുസിരിസ് – കോട്ടപ്പുറം
3 ) തീരദേശ മേഖലകളായ – അന്ധകാരനഴി – കണ്ണമാലി – / ചെറായി – മുനമ്പം – കുഴിപ്പള്ളി –
4 ) ഭൂതത്താൻക്കെട്ട് – തട്ടേക്കാട് – കരയിലെ വനമേഖല
ഒരേ സമയം വെള്ളത്തിൽ നിന്ന് കരയിലേക്ക് സഞ്ചരിക്കാൻ സാധിക്കുമെന്നതിനാൽ ഈ സ്ഥലങ്ങളിലെ ഉൾഗ്രാമങ്ങളും ചരിത്ര അവശേഷിപ്പികളും കണ്ട് കൊണ്ട് സഞ്ചാരികൾക്ക് യാത്ര തുടരാൻ സാധിക്കും. ജല – കര യാത്രാമാർഗങ്ങളെ ഒരേ സമയം ബന്ധിപ്പിച്ചു കൊച്ചിയുടെ ടുറിസം മേഖലക്ക് കൂടുതൽ കരുത്തു പകരാൻ സാധിക്കുന്ന ഈ പദ്ധതി വെറും ഒരു ജല രേഖയായി മാറാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.