കോവിഡും അനുബന്ധ ലോക്കേഡൗണുകളും മറ്റ് നിയന്ത്രണങ്ങളും ഏറ്റവും പ്രതികൂലമായി ബാധിച്ച ഒരു മേഖലയായിരുന്നു കലാകാരമാരുടേത്. അതുകൊണ്ട് തന്നെ ഈ രംഗത്തെ ചെറിയൊരു ഉണർവിന് വേണ്ടി ഏറെ നാളായി നഗരം കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം ദർബാർ ഹാളിൽ ആരംഭിച്ച ചിത്രകലാ പ്രദർശനം ഈ നീണ്ട കാത്തിരിപ്പിനാണ് അറുതി വരുത്തിയത്. ഒപ്പം സാധാരണ കലാകാരന്മാർക്ക് ഒരു പുതു ഊർജ്ജം നൽകി വീണ്ടും മുഖ്യധാരയിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾക്കുള്ള ഒരു അംഗീകാരവും. കൊച്ചി കോപ്പറേഷനും ലളിതകലാ അക്കാദെമിയും ചേർന്ന് ഒരുക്കിയിരിക്കുന്ന ചിത്രപ്രദർശനം ഈ മാസം 30 ന് സമാപിക്കും.
കൊച്ചി നഗരത്തിന്റെ ജീവസ്പന്ദനമെന്നു വിശേഷിപ്പിക്കാവുന്ന കലാപ്രവർത്തകരുടെ വിവിധ കൂട്ടായ്മകൾക്ക് ഈ പ്രദർശനം ഏറെ പ്രോത്സാഹനമാണ് നൽകിയിരിക്കുന്നത്. കലാകാരൻമാർക്ക് കൊച്ചി നഗര ഹൃദയങ്ങളിലെ വേദികളിൽ അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കാൻ സാഹചര്യം ഒരുക്കിയ ആസ്ക് (Arts Space Kochi) തന്നെയാണ് ഈ ഉദ്യമത്തിന് പിന്നിലും. ഏതാനും മാസങ്ങൾക്ക് മുൻപാരംഭിച്ച ഈ വ്യത്യസ്ത കലാപ്രദർശന രീതിക്ക് വലിയ സ്വീകാര്യതയാണ് പൊതു സമൂഹത്തിൽ ലഭിച്ചത്. എന്നാൽ കോവിഡ് രണ്ടാം തരംഗം എത്തിയതോടെ നിലച്ച വേദികൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഉണരുകയാണ്.
ഏതാനും ചില മാസങ്ങൾക്ക് മുൻപ് കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ സി -ഹെഡിന്റെ ഏകോപനത്തിൽ ചാത്യാത്ത് നടപ്പാതയിൽ ‘കനോപ്പി ആർട്ട്ഹോളിക്ക്’ എന്നൊരു ചിത്രകലാ ക്യാമ്പ് നടത്തിയിരുന്നു. അതിൽ ചിത്രം രചിച്ച കലാകാരൻമാരുടെ കലാസൃഷ്ടികളുടെ പ്രദർശനം Askന്റെ മറ്റൊരു വേദിയായ കൊച്ചി ദർബാർ ഹാളിൽ ആരംഭിചിരിക്കുന്നത്. പ്രമുഖ കഥാകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് കഴിഞ്ഞ ദിവസം പ്രദർശനം ഉൽഘാടനം ചെയ്തത്. പ്രദർശന സംഘാടകൻ കൂടിയായ കൊച്ചി മേയർ എം അനിൽകുമാറും മറ്റ് അതിഥികളും ആദ്യദിവസം ഏറെ നേരം ചിത്രപ്രദർശനം കാണാനായി മാറ്റി വെക്കുകയും കലാകാരന്മാരുമായി സംവദിക്കുകയും ചെയ്തു. ചിത്രപ്രദർശനം ഈ മാസം 30 ന് സമാപിക്കും.