കോവിഡ് രോഗികളുടെ ചികിത്സക്കായി അമ്പലമുകൾ ബി പി സി എൽ റിഫൈനറി സ്കൂളിൽ തയാറാക്കിയ താൽകാലിക ചികിത്സ കേന്ദ്രത്തിന്റെ പ്രവർത്തനം ഇന്നലെ ആരംഭിച്ചു. ആയിരം ഓക്സിജൻ കിടക്കകൾ ഉള്ള രാജ്യത്തെ ഏക താൽകാലിക ആശുപത്രിയാണിത്. ആദ്യഘട്ട ഇന്റർവ്യൂകൾക്ക് ശേഷം നഴ്സുമാർ, ഡോക്ടർമാർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരെ ഇവിടേക്ക് നിയമിച്ചു കഴിഞ്ഞു. സർക്കാർ സംവിധാനം വഴിയാകും ഇവിടെ കിടക്കകൾ അനുവദിക്കുക.
ബി.പി.സി.എൽ ഓക്സിജൻ പ്ലാൻറിൽ നിന്നും നേരിട്ട് ഓക്സിജൻ ലഭ്യമാക്കുന്നതിലൂടെ ഓക്സിജൻ എത്തിക്കുന്നതിലുള്ള ഗതാഗത പ്രശ്നങ്ങളും ക്ഷാമവും മറികടക്കാൻ സാധിക്കും.
വരും ദിവസങ്ങളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ലേക്ക് ഉയർത്താനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. എട്ട് ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്താൻ സാധിക്കുമെന്നു ചികിത്സാ കേന്ദ്രം സന്ദർശിച്ച കളക്ടർ എസ് സുഹാസ് പറഞ്ഞു. കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രധാനമായും പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടർമാർ, 240 നഴ്സുമാർ എന്നിവരുൾപ്പെടെ 480 പേരെ ഇവിടെ പ്രാരംഭ ഘട്ടത്തിൽ സേവനത്തിനായി വിന്യസിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വർധിക്കുകയാന്നെങ്കിൽ ജീവനക്കാരുടെ എണ്ണവും ക്രമാതീതമായി വർധിപ്പിക്കുന്നതിനുള്ള നടപടികൾ ഊര്‍ജിതമാക്കും.