സംസ്ഥാനത്തിനകത്തും പുറത്തും കാർട്ടൂൺ വരകളുമായി സജീവമായിരുന്ന കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാൻ ഇബ്രാഹിം ബാദുഷ (38) ഇനി ഓർമ്മകളുടെ ക്യാൻവാസിൽ. കൊച്ചിയുടെ കലാ സാംസ്കാരിക വേദികളിൽ വളരെ ഊർജസ്വലമായി പ്രവർത്തിക്കുകയും നഗരത്തിലുടനീളം വിവിധ കാർട്ടൂൺ പ്രദർശനങ്ങൾ നടത്തി വരകളുടെ കൂട്ടായ്മകൾക്ക് ഉണർവ് പകരുകയും ചെയ്ത ബാദുഷ എന്ന കലാകാരന്റെ വിയോഗം കാർട്ടൂൺ രംഗത്ത് സൃഷ്ടിക്കുന്നത് ഒരു വലിയ വിടവാണ്.
കൊറോണ വിരുദ്ധ ബോധവത്കരണ ചിത്രങ്ങൾ വരച്ചുകൂട്ടിയ ആ അതുല്യ പ്രതിഭയുടെ വിയോഗവും കോവിഡ് മൂലമായിരുന്നു.രണ്ടാഴ്ച്ചയായി ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാദുഷ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയതാണ്. എന്നാൽ,കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലായി.ഇന്ന് രാവിലെയായിരുന്നു അന്ത്യം.
കോവിഡ് കാലത്തും ഈ യുവ കലാകാരൻ്റെ കാർട്ടൂൺ വരകൾക്ക് വിശ്രമമില്ലായിരുന്നു.ആളുകളുടെ കാരിക്കേച്ചറുകള്‍ ഒരു മിനിറ്റുകൊണ്ട് വരക്കുന്ന വൺ മിനിറ്റ് കാരിക്കേച്ചറിലൂടെ ‘കാർട്ടൂൺ മാൻ ‘ എന്ന് പ്രശസ്തനായ വ്യക്തിയാണ് ബാദുഷ. മാളുകളിലും സ്കൂളുകളിലും കോളേജുകളിലുമുള്‍പ്പെടെ തത്സമയ കാരിക്കേച്ചറുകൾ സൃഷ്ടിച്ച് ശ്രദ്ദേയനായിരുന്നു.
പ്രശസ്ത വ്യക്തിത്വങ്ങളെ തൻ്റെ കാർട്ടൂൺ ഭാവനയിൽ പകർത്തിയിരുന്ന ബാദുഷ സാധാരണക്കാരെയും വരച്ചുകാട്ടാൻ മടിച്ചിരുന്നില്ല.സാമൂഹ്യനന്മ ലക്ഷ്യമാക്കി ബാദുഷ നിരവധി കാർട്ടൂണുകൾ വരച്ചിട്ടുണ്ട്.ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായും ഗതാഗത നിയമങ്ങൾ ബോധവത്ക്കരിച്ച് മോട്ടോർ വാഹന വകുപ്പുമായും ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രളയാനന്തരം ആലുവ റെയിൽവേ സ്റ്റേഷനിൽ തത്സമയ കാരിക്കേച്ചർ വരച്ചതിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയും മാതൃകയായി.
കൊറോണ പ്രതിരോധ കാർട്ടൂണുകൾ വരച്ച് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്ന ബാദുഷയ്ക്ക് ഐ.എം.എയുടെയടക്കം വലിയ പിന്തുണ ലഭിച്ചിരുന്നു.വിവിധ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർമാരും ബാദുഷയുടെ കാർട്ടൂണുകളുടെ പ്രചാരകരാണ്.സംസ്ഥാനത്തെ പ്രമുഖ യുവ കാർട്ടൂണിസ്റ്റുകൾ അംഗങ്ങളായ കാർട്ടൂൺ ക്ളബ് ഒഫ് കേരളയുടെ കോ ഓർഡിനേറ്റർ കൂടിയായിരുന്നു ബാദുഷ.
പതിവ് കാരിക്കേച്ചറുകൾ പോലെ കൊറോണ വിരുദ്ധ കാർട്ടൂണുകളിൽ നർമ്മം കലർത്താൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു ബാദുഷ. ഇതിനിടയിലാണ് കൊറോണ തന്നെ ആ ചിത്രകാരനെ കവർന്നെടുത്തത്.
സമീപകാലത്ത് വരച്ചിരുന്ന കോവിഡ് ബോധവത്ക്കരണ കാർട്ടൂണുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐ.എം.എ.യുടെ ഉൾപ്പെടെ പിന്തുണ ഈ കാർട്ടൂണുകൾക്ക് ലഭിച്ചു. ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായും റോഡ് സുരക്ഷാ ബോധവത്ക്കരണത്തിനായി മോട്ടോർ വാഹന വകുപ്പുമായും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.ഒരു മിനിറ്റ് കൊണ്ട് ആളുകളുടെ കാരിക്കേച്ചറുകൾ വരക്കുന്നതിൽ പ്രഗത്ഭനായിരുന്ന അദ്ദേഹം ലൈവ് കാരിക്കേച്ചറുകളിലൂടെയും ഇത്തരം പരിപാടികളുടെ ഭാഗമായി.കോവിഡ് കാലത്തും മോട്ടോർ വാഹന വകുപ്പിനൊപ്പം വാഹന പരിശോധനയിൽ പങ്കെടുത്ത് സീറ്റ് ബെൽറ്റും ഹെൽമെറ്റും ഇടാതെ വരുന്നവർക്ക് അവ ധരിച്ചു കൊണ്ടുള്ള ലൈവ് കാർട്ടൂണുകൾ വരച്ചുനൽകി ബോധവത്ക്കരണം നടത്തിയിരുന്നു.
ആലുവ തോട്ടുമുഖം കീരംകുന്ന് ശിവഗിരി വിദ്യാനികേതൻ സ്കൂളിനടുത്തായിരുന്നു താമസം.തോട്ടുംമുഖം കല്ലുങ്കൽ വീട്ടിൽ പരേതനായ ഹംസയുടെ മകനാണ്. സഫീനയാണ് ഭാര്യ.മുഹമ്മദ് ഫനാൻ,ആയിഷ,അമാൻ എന്നിവർ മക്കളാണ്.ഖബറടക്കം തോട്ടുംമുഖം പടിഞ്ഞാറേ പള്ളിയിൽ.