കൊച്ചി: മത്സ്യമേഖലയിലെ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ സംരംഭകയാകാൻ അതിഥി അച്യുതിന് സഹായം നൽകിയതിന് പിന്നാലെ, കോവിഡ് പ്രതിസന്ധിയിൽ ജീവിതം ദുരിതത്തിലായ നഗരത്തിലെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർക്ക് കൈത്താങ്ങായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആർഐ).
സിഎംഎഫ്ആർഐയിലെ റിക്രിയേഷൻ ക്ലബ്ബിന് കീഴിൽ, ലോക്ഡൗണിനെ തുടർന്ന് തൊഴിൽരഹിതരായി ഉപജീവനം വഴിമുട്ടിയ ട്രാൻസജെൻഡറുകൾക്കിടയിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. 28 ഇനങ്ങളുള്ള കിറ്റിൽ ഭക്ഷ്യധാന്യങ്ങൾക്കൊപ്പം പച്ചക്കറികളുമുണ്ട്. അതിഥി അച്യുതിന്റെ സഹായത്തോടെയാണ് ടാൻസ്ജെൻഡർ സമൂഹത്തിലെ ഏറ്റവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സിഎംഎഫ്ആർഐ കണ്ടെത്തിയത്. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ കിറ്റ് വിതരണം ചെയ്തു. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് ഇവരെ കൂടുമത്സ്യകൃഷിയിൽ ചെറുകിടസംരംഭരാക്കി മാറ്റുന്നതിനായി സിഎംഎഫ്ആർഐക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഇവർക്കിടയിൽ പരിശീലനപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടികജാതിക്കാരുടെ ഉന്നമനത്തിനായുള്ള ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാനിന് കീഴിൽ കഴിഞ്ഞ മാർച്ചിലാണ് ആധുനിക സജ്ജീകരണങ്ങളോടെയുള്ള മീൻവിൽപന സ്റ്റാൾ സിഎംഎഫ്ആർഐ അതിഥിക്ക് നൽകിയത്.
ഫോട്ടോ ക്യാപ്ഷൻ ലോക്ഡൗൺ മൂലം ദുരിതത്തിലായ ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ ഭക്ഷ്യകിറ്റ് നൽകുന്നു.