പതിറ്റാണ്ടുകളായുള്ള സേവനത്തിന്റെയും സാംസ്കാരിക സൗഹൃദത്തിന്റെ പാതകളും വേറിട്ട മാർഗ്ഗനിർദ്ദേശങ്ങളും മലയാളി സമൂഹത്തിന് കാട്ടിത്തന്നു കൊണ്ടിരിക്കുന്ന ചാവറ കൾച്ചറൽ സെന്ററിന്റെ മുന്നേറ്റത്തിന് അരനൂറ്റാണ്ട് പിന്നിടുന്നു സുവർണ ജൂബിലി ആഘോഷ പരിപാടികൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. 1971 ലാണ് സി എം ഐ സഭയുടെ പ്രിയോർ ജനറലായിരുന്ന ഫാദർ കനീസിയൂസ് തെക്കേക്കര മുൻകൈ എടുത്തു കൊച്ചി നഗരഹൃദയ ഭാഗത്ത് ചാവറ കൾച്ചറൽ സെന്റർ ആരംഭിച്ചത്. തദവസരത്തിൽ സന്നിഹിതനായിരുന്നു പ്രൊഫ എം കെ സാനുവിന് ആ വേദി ഇന്നും കൃത്യമായി ഓർമ്മയുണ്ട്. വിവിധ സമുദായങ്ങളുടെയും രാജ്യങ്ങളുടെയും അതിർത്തികൾ കടന്നുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാൻ ചാവറ കൾച്ചറൽ സെന്റെർ മാതൃകയാണെന്ന് ജൂബിലി ആഘോഷ നിറവിൽ പ്രൊഫ എം കെ സാനു പറഞ്ഞു.
എറണാകുളം കരിക്കാമുറി ചവറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി എം ഐ സഭ പ്രിയോർ ജെനെറൽ ഫാദർ തോമസ് ചാത്തമ്പറമ്പിൽ അദ്യക്ഷത വഹിച്ചു. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത്. ഉൽഘാടന ചടങ്ങിൽ സി പി പള്ളിപ്പുറം രചിച്ച ബിജിബാൽ സംഗീതം നൽകിയ ഗാനത്തിന്റെ പ്രകാശനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,. സിനിമ സംവിധായകൻ ലാൽ ജോസും എന്നിവർ ചേർന്ന് ചടങ്ങിൽ നിർവഹിച്ചു. ചടങ്ങിൽ എറണാകുളം എം പി ഹൈബി ഈഡൻ, എം എൽ എ വിനോദ്, കൊച്ചി മേയർ എം അനിൽകുമാർ എന്നിവർ സംബന്ധിച്ചു.