കൊച്ചി: മത്സ്യമേഖലയിൽ സ്ത്രീശാക്തീകരണത്തിന്റെ വിജയഗാഥ രചിച്ച് മാതൃകയായിരിക്കുകയാണ് രാജി ജോർജും സ്മിജ എം ബിയും. മത്സ്യകൃഷി ഉൾപെടെയുള്ള സംയോജിതകൃഷി, കൂടുമത്സ്യകൃഷി എന്നിവയിൽ സ്വയം സംരംഭകരായി സാമ്പത്തിക വിജയം നേടിയാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. ശാസ്ത്രീയ കൃഷിരീതികൾക്കൊപ്പം മാനേജ്മെന്റ് വൈദഗ്ധ്യവും പുറത്തെടുത്ത് കരുത്ത് തെളിയിച്ച് രണ്ടുപേരെയും അന്താരാഷ്ട്ര വനിതാദിനത്തിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ആദരിച്ചു.
മീൻ-പച്ചക്കറി കൃഷികൾ, കോഴി-താറാവ്-കന്നുകാലി വളർത്തൽ, തീറ്റപ്പുല്ല് കൃഷി എന്നിവ സംയോജിപ്പിച്ചാണ് അങ്കമാലി സ്വദേശിനിയായ രാജി ജോർജ് സംരംഭകയായി മികവ് തെളിയിച്ചത്. സിഎംഎഫ്ആർഐയുടെയും എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും പരിശീലനത്തിന് ശേഷം 60 അടിയോളം താഴചയുള്ള കരിങ്കൽ ക്വാറിയിൽ മീൻ വളർത്തൽ യൂണിറ്റായ ‘അന്നാ അക്വാ ഫാം’ സ്ഥാപിച്ചാണ് രാജിയുടെ സംരംഭകത്വ ശ്രമങ്ങളുടെ തുടക്കം. തിലാപിയ, വാള, കട്ല, രോഹു, മൃഗാൾ തുടങ്ങിയ മീനുകൾ എട്ട് കൂടുകളിലായാണ് അന്നാ അക്വാഫാമിൽ കൃഷി ചെയ്യുന്നത്. ഹോം ഡെലിവറിയിലൂടെയും സാമൂഹ്യ മാധ്യമങ്ങൾ വഴിയുമാണ് മീനുകൾ വിപണനം നടത്തുന്നത്. ‘അന്നാ അഗ്രോ ഫാം’ എന്ന് നാമകരണം ചെയ്ത പച്ചക്കറി തോട്ടത്തിൽ തക്കാളി, വഴുതന, മുളക്, കാരറ്റ്, ഇഞ്ചി, മഞ്ഞൾ, കോളിഫ്ളവർ, കാബേജ്, കപ്പ തുടങ്ങിയവയാണ് പ്രധാന കൃഷി. മുന്നോറോളം കോഴിയും അത്രതന്നെ കാടയും കൂടാതെ താറാവ് പശു, ആട് എന്നിവയെയും രാജി ജോർജ് വീട്ടുവളപ്പിൽ തന്നെ വളർത്തുന്നുണ്ട്. സുസ്ഥിര കൃഷിരീതിയിലൂടെ തന്നെ സാമ്പത്തിക നേട്ടമുണ്ടാക്കി സ്ത്രീശക്തി തെളയിച്ചതിനാണ് രാജി ജോർജിന് സിഎംഎഫ്ആർഐയുടെ അംഗീകാരം ലഭിക്കുന്നത്.
കൂടുമത്സ്യകൃഷിയിലൂടെ വിജയകരമായ കരിയർ കണ്ടെത്തുകയും നാട്ടുകാർക്കിടയിൽ കൂടുകൃഷിയുടെ പ്രചാരകയായി മാറുകയും ചെയ്തതിനാണ് എഞ്ചിനീയർ കൂടിയായ മൂത്തകുന്നം സ്വദേശിനി സ്മിജ എം ബിക്ക് ആദരം. പെരിയാറിലാണ് കൂടുകൃഷി നടത്തുന്നത്. പെരിയാർ ആക്ടിവിറ്റി ഗ്രൂപ്പ് എന്ന സ്വയം സഹായക സംഘത്തിന് നേതൃത്വം നൽകുന്നതും സ്മിജയാണ്. സിഎംഎഫ്ആർഐയുടെ പരിശീലനം നേടിയാണ് സ്മിജ കൂടുമത്സ്യകൃഷി ആരംഭിക്കുന്നത്. സ്ത്രീകളുടെ പങ്കാളിത്തത്തിൽ ധാരാളം കൂട്ടായ്മകൾ രൂപീകരിച്ച് കൂടുമത്സ്യകൃഷി വിപുലമാക്കാൻ സ്മിജയുടെ നേതൃപാടവത്തിനായി. നിരവധി കുടുംബങ്ങൾക്ക് വരുമാനം കണ്ടെത്താൻ കഴിയുംവിധം 60 ഓളം കൂടുമത്സ്യകൃഷി യൂണിറ്റുകൾ സ്മിജയുടെ നേതൃത്വത്തിൽ പെരിയാറിൽ നടന്നുവരുന്നുണ്ട്. കൂടുകൃഷിയിൽ പങ്കാളിയാകുന്നതിനൊപ്പം മറ്റുളളവരെ പരിശീലിപ്പിക്കാനും സ്മിജ സമയം കണ്ടെത്തുന്നു.
സിഎംഎഫ്ആർഐയിലെ വിമൻ സെല്ലാണ് ഇരുവരെയും ആദരിക്കുന്നത്.
വനിതാദിനത്തോടനുബന്ധിച്ച് സിഎംഎഫ്ആർഐയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ ഇരുവർക്കും അംഗീകാരപത്രവും ഉപഹാരവും നൽകി ആദരിച്ചു. നടിയും ടെലിവിഷൻ അവതാരികയുമായ സുബി സുരേഷ് മുഖ്യാതിഥിയായിരുന്നു. ഡോ മിറിയം പോൾ ശ്രീറാം, ഡോ സന്ധ്യ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
For further details,
Raji George 9446658955
Smija MB 8281389975