കലാ – സാഹിത്യ പ്രവർത്തകർക്ക് സ്ട്രീറ്റ് പെർഫോമൻസിനും സാംസ്കാരിക സംവാദങ്ങൾക്കും മറ്റ് വിനോദ പരിപാടികൾക്കുമായി കൊച്ചിയിലെ പൊതു വേദികൾ ഉപയോഗിക്കുന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാവുന്നു. കൊച്ചിയെ കേരളത്തിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ മുഖ്യ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുക. ആർട്സ് സ്പേസ് ഫോർ കൊച്ചി അഥവാ ആസ്ക്ക് എന്നാണ് പദ്ധതി നാമകരണം ചെയ്തിരിക്കുന്നത്.
കലാ പ്രതിഭകൾക്ക് നഗരകേന്ദ്രങ്ങളിൽ കുറഞ്ഞ ചിലവിൽ വേദികളും അവസരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചാത്യാത്ത് റോഡിലെ ക്വീൻ വേ ആംഫി പ്ലാറ്റഫോം, ജോസ് ജംഗ്ഷനിലെ കൾച്ചറൽ സെന്റർ, കോയിത്തറ പാർക്ക്, വൈറ്റില മൊബിലിറ്റി ഹബ്, പള്ളുരുത്തി വെളി ഗ്രൗണ്ട്, പാലാരിവട്ടത്തെ ടൗൺ സ്ക്വയർ പരിസരം എന്നീ സ്ഥലങ്ങളാണ് പൊതു പരിപാടികൾക്കായി നിലവിൽ കണ്ടെത്തിയിരിക്കുന്നത്.
ഈ പദ്ധതിയുടെ ഉൽഘാടനം ഫെബ്രുവരി 8 ന് വൈകിട്ട് ആറു ,മണിക്ക് നടൻ ജയസൂര്യ ജോസ് ജംഗ്ഷനിലെ കെ എം ആർ എൽ കൾച്ചറൽ കോർണറിൽ നിർവഹിക്കും.