‘ഡ്രൈവ് ഇൻ സിനിമ’ അനുഭവം ഇനി കൊച്ചിയിലും
കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടക്കുകയാണ് കൊച്ചിയിലെ തിയറ്ററുകളും മൾട്ടിപ്ലെക്സുകളും. സംസ്ഥാനത്ത് ഇപ്പോൾ 144 കൂടെ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിയറ്ററുകൾ ഉടനെ തുറന്നു പ്രവർത്തിക്കുന്ന കാര്യത്തിൽ തീരുമാനം ഇനിയും വൈകാൻ ഇടയുണ്ട്. ഒടിടി റിലീസായി എത്തുന്ന ചിത്രങ്ങള്‍ സിനിമാപ്രേമികളെ മൊത്തത്തിൽ ഹരം കൊള്ളിക്കുന്നുമില്ല. വലിയൊരു വിഭാഗം പ്രേക്ഷകർ ഈ സാങ്കേതിക വിദ്യകൾക്കൊക്കെ വെളിയിൽ നിൽക്കുന്നവരാണ് എന്നതാണ് യാഥാർഥ്യം.
ഈയൊരു പശ്ചാത്തലത്തിലാണ് രാജ്യത്തെ വൻനഗരങ്ങളിൽ മാത്രം കണ്ടു ശീലമുള്ള ഡ്രൈവ് ഇൻ സിനിമാ സംവിധാനം കൊച്ചിയിലും അരങ്ങേറുന്നത്. തുറസ്സായ ഒരു സ്ഥലത്ത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണ് ഡ്രൈവ് ഇന്‍ സിനിമകള്‍. ഇപ്പോഴിതാ കേരളത്തിന്റെ വാണിജ്യതലസ്ഥാനത്തേക്കും എത്തുകയാണ് ഇത്തരം പ്രദര്‍ശന സൗകര്യം. കൃത്യമായി സാമൂഹ്യ അകലം പാലിച്ച് ഒരു വലിയ സ്ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വന്തം കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത് . കാറിന്റെ സ്പീക്കറിലൂടെത്തന്നെ സിനിമയുടെ ശബ്ദ സംവിധാനവും എത്തിക്കും. എഫ് എം റേഡിയോ സ്റ്റേഷൻ ഫ്രീക്വൻസി നിശ്ചിത ലെവലിൽ ട്യൂൺ ചെയുമ്പോൾ ആണ് അത് സാധ്യമാകുന്നത്. പ്രദര്‍ശനത്തിന്റെ ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്ക് ചെയ്യാനുള്ള സംവിധാനവും അണിയറക്കാര്‍ ഒരുക്കിയിട്ടുണ്ട്.
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗലൂരു, എന്നിങ്ങനെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിൽ ഈ സംവിധാനം ഏറെ കാലമായി നിലവിലുണ്ട്. കോവിഡ് കാലത്ത് ലോക്ക് ഡൗൺ ഇളവുകൾ വന്നതിനു ശേഷം കൂടുതൽ ശക്തമായി ഇവർക്ക് നിലനിൽക്കാൻ സാധിച്ചു. ഈ നഗരങ്ങളിൽ വിജയകരമായി പ്രദര്‍ശനം സംഘടിപ്പിച്ച സണ്‍സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലേക്കും എത്തുന്നത്. കൊച്ചിയില്‍ ഒക്ടോബർ നാലിനാണ് അവരുടെ ഉദ്ഘാടന പ്രദര്‍ശനം. കൊച്ചി ലേ മെറിഡിയന് ഹോട്ടല്‍ ആയിരിക്കും വേദി. 15-20 അതിഥികള്‍ക്കാവും ആദ്യ പ്രദര്‍ശനത്തിന് അവസരമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ‘ബാംഗ്ലൂർ ഡേയ്സ്’ ആണ് ഉദ്ഘാടന ചിത്രം. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കപ്പെട്ടുകൊണ്ടാകും ഈ പദ്ധതി നടപ്പിൽ വരുത്തുക. ഒരു കാറിൽ പരമാവധി 4 പേർ മാത്രം, മാസ്ക് നിർബന്ധം, പ്രവേശനത്തിന് മുൻപ് താപനില പരിശോധന, സാനിറ്റൈസർ ഉപയോഗം, എന്നിങ്ങെനെ എല്ലാ ക്രമീകരണങ്ങളും പാലിക്കപെടും. ഭക്ഷണം വാങ്ങാനോ ശൗചാലയം ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ മാത്രമാകും പുറത്തിറങ്ങാൻ അനുമതി ഉണ്ടാവുക. അടുത്ത ആഴ്ച മുതൽ ശനിയും ഞായറും പ്രദര്‍ശനമുണ്ടാകും.