വാരാന്ത്യങ്ങളിൽ മറ്റും ഇപ്പോൾ എറണാകുളത്ത് ഏറ്റവും തിരക്കേറിയ ഇടങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് നഗരമധ്യത്തിലെ ചിൽഡ്രൻസ് പാർക്ക്. ഏറെ കാലത്തെ അടച്ചിടലിനു ശേഷം അടുത്ത കാലത്ത് പ്രവർത്തനം പുനരാരംഭിച്ച ചിൽഡ്രൻസ് പാർക്കിൽ
ഏറെ കൗതുകങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ഇതിൽ എടുത്തു പറയേണ്ട ഒരു സംവിധാനമാണ് പാർക്കിലെ ചെറു തടാകത്തിൽ ആരംഭിച്ചിരിക്കുന്ന പെഡൽ ബോട്ട് സർവീസുകൾ. ജില്ലാ ടുറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആദ്യ ഘട്ടത്തിൽ 3 ബോട്ടുകൾ ആണുള്ളത്. 10 മിനിറ്റ് ബോട്ടിന് ഒരാൾക്ക് 30 രൂപയാണ് ടിക്കറ്റ് നിരക്ക്. കുടുംബം ഒന്നിച്ചാണെങ്കിൽ 100 രൂപയാണ് നിരക്ക്. 5 വയസിനു താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. എല്ലാവരും ലൈഫ് ജാക്കറ്റ് നിർബന്ധമായും ധരിച്ചിരിക്കണം.
ഇതിനു പുറമെ പാർക്കിന്റെ പടിഞ്ഞാറു വശത്ത് സജ്ജീകരിച്ചിരിക്കുന്ന ‘ബാലരമ’ തീ പാർക്കും കുട്ടികൾക്ക് ഒരു പുതു അനുഭവമായിരിക്കും. ബാലരമയിലെ മുഖ്യ കഥാപാത്രങ്ങളായ മായാവിയും രാജുവും രാധയും കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയുമെല്ലാം പലകോണുകളിലായി ഇരിപ്പുറപ്പിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇവിടെയൊക്കെ വന്ന് ഇവരോടൊപ്പം സെൽഫിയെടുക്കുവാൻ സാധിക്കും. മറ്റൊരു പ്രേത്യകത ഉടൻ പ്രവർത്തമാരംഭിക്കാൻ പോകുന്ന ടോയി ട്രെയിൻ സംവിധാനമാണ്. രണ്ടു മിനി കംപാർട്മെന്റ് മാതൃകയിലുള്ള ട്രെയിൻ കഴിഞ്ഞ ആഴ്ച തന്നെ എത്തിച്ചേർന്നിരുന്നു ട്രക്കുകളുടെ നിർമ്മാണവും പരിശോധനയും അവസാന ഘട്ടത്തിലാണ്. മിക്കവാറും അടുത്ത മാസം തന്നെ ഇതിന്റെ പ്രവർത്തനം ആരംഭിച്ചേക്കും. നിലവിൽ പ്രവർത്തിക്കുന്ന ഗോ കാർട്ടുകളെ കുറിച്ച് പരാതി ഉള്ളതിനാൽ പുതിയവ ഉടൻ എത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് കോർപറേഷൻ. മുൻപ് ചിൽഡ്രൻസ് പാർക്കിൽ പ്രവേശനം സൗജന്യമായിരുന്നെങ്കിൽ ഇപ്പോൾ പ്രവേശന ഫീ ഏർപ്പെടുത്തിയിട്ടുണ്ട് . 10 വയസിനു മുകളിലുള്ളവർക്ക് 20 രൂപയാണ് ഫീസ്.