അംഗപരിമിതർക്കു ബൂദ്ധിമുട്ടു കൂടാതെ യാത്ര ചെയ്യുവനാകുന്ന തരത്തിൽ കൊച്ചി നഗരത്തിലെ റോഡുകളും നടപ്പാതകളും മൂന്നു മാസത്തിനകം നവീകരിച്ചു ജോലികൾ പൂർത്തിയാക്കണം എന്ന് ഹൈക്കോടതി നിർദേശിച്ചു. കൊച്ചി കോർപ്പറേഷനോടും അതിനു കീഴിലെ നോഡൽ ഏജൻസികളോടും പൊതുമരാമത്ത് വകുപ്പിനോടുമാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ,ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.മാർച്ചു 31 – നകം റിപ്പോർട്ട് സമർപ്പിക്കണം എന്നും ഹൈക്കോടതി നിർദേശിച്ചു. സെൻറർ ഫോർ എംപവർമെൻറ് ആൻഡ് എൻറിച്ച്മെന്റ് എന്ന സന്നദ്ധ സംഘടനയുടെ അധ്യക്ഷ പി .എ മേരി അനിതയാണ് കോടതിയിൽ ഹർജി നൽകിയത്. നടപ്പാതയിലുള്ള കേബിളും വഴിവാണിഭക്കാരും പരസ്യബോർഡുകളും മറ്റു തടസങ്ങളും കാരണം അംഗപരിമിതർക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ് കൊച്ചി നഗരത്തിലുള്ളത് എന്ന് ഹർജിയിൽ പറയുന്നു. കൂടാതെ നടപ്പാതയിൽ നിന്ന് റോഡിലേക്കിറങ്ങാൻ ചെരിവ് പ്രതലവുമില്ല.കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആർ.സി,കെ.എം.ആർ.എൽ,കൊച്ചി സ്മാർട്ട് ഡിവിഷൻ ലിമിറ്റഡ്,കൊച്ചി കോർപ്പറേഷൻ,പൊതുമരാമത്തു വകുപ്പ് തുടങ്ങിയവ പല സൗകര്യങ്ങളും ഏർപ്പെടുത്തുന്നുണ്ടെങ്കിലും അംഗപരിമിതർക്ക് നടപ്പാതകൾ സുരക്ഷിതമായി ഉപയോഗിക്കത്തക്കവിധം ആയിട്ടില്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.നടപ്പാതയിലെ തടസങ്ങൾ നീക്കി നഗര റോഡുകളും നടപ്പാതയും അംഗപരിമിത സൗഹൃദമാക്കണെമെന്നു ഹൈക്കോടതി നിർദേശിച്ചു.
നഗരത്തിലെ അംഗപരിമിതർക്കു ആശ്വാസമായി ഹൈക്കോടതി ഉത്തരവ്.
68