കലൂർ സ്റ്റേഡിയം പരിസരത്തെ ഓപ്പൺ ജിം പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു.
കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരത്ത് പതിവായി പുലർച്ചകളിലും സായാഹ്നങ്ങളിലും നടക്കുവാനും വ്യായാമം ചെയ്യുവാനും എത്തുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഏറെ കാലമായി നിങ്ങൾ ആഗ്രഹിക്കുകയും നിരന്തരം ആവശ്യപ്പെടുകയും ചെയ്തു പോന്നിരുന്ന ഓപ്പൺ ജിം ഇപ്പോൾ പൊതു ജനങൾക്ക് ഉപയോഗിക്കാനായി തുറന്നു കൊടുത്തിരിക്കുന്നു. ഇത് നഗരത്തിലെ രണ്ടാമത്തെ ഓപ്പൺ ജിം ആണ്. ആദ്യത്തേത് ചാത്യാത്ത് ക്വിൻസ് വേയിൽ ഒരു വർഷം മുൻപ് പ്രവർത്തനമാരംഭിച്ചിരുന്നു. അവിടുത്തെ ഓപ്പൺ ജിമ്മിന്റ്റെ വിജയമാണ് നഗരത്തിലെ പലഭാഗങ്ങളിലും ഇത്തരം ഓപ്പൺ ജിമ്മുകൾ കൂടുതൽ വിപുലീകരിക്കുന്നതിന് അധികൃതർക്ക് പ്രേരണയായത്.
ജി സി ഡി എ യുടെയും ജില്ലാ മെഡിക്കൽ ഓഫീസിന്റ്റെയും ആഭിമുഖ്യത്തിലാണ് കലൂർ സ്റ്റേഡിയം പരിസരത്തെ ഈ ജിം പ്രവർത്തിച്ചു പോരുന്നത്. ജില്ലാ ആരോഗ്യ വകുപ്പിന്റ്റെ പ്ലാൻ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ മുതൽ മുടക്കിയാണ് 1000 ചതുരശ്രഅടിയിൽ ജിം പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്.
സ്റ്റാൻഡിങ് ട്വിസ്റ്റർ, റോവർ, ചെസ്റ്റ് പ്രസ്, സ്റ്ററിക്ക് സൈക്കിൾ, ഷോൾഡർ വീൽ ഡബിൾ, എലിപ്റ്റിക്കൽ ക്രോസ്സ് ട്രെയിനെർ, ലെഗ് പ്രസ്, അബ്ഡോമിനൽ ട്രൈനെർ എന്നീ ഉപകരണങ്ങൾ ആണ് ഓപ്പൺ ജിമ്മിൽ സജ്ജീകരിച്ചിരിക്കുന്നത്. കലൂർ സ്റ്റേഡിയം പരിസരത്ത് നടക്കാനെത്തുന്നവരുടെ കൂട്ടായമയായ ‘വാക് വേ ക്ലബ് ‘ രണ്ട് അംഗീകൃത പരിശീലകരുടെ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. പ്രവർത്തന സമയം രാവിലെ 5 മുതൽ 10 മണിവരെയും വൈകിട്ട് 4 മുതൽ 9 മണിവരെയുമായിരിക്കും. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചു കൊണ്ടാവും ജിമ്മിന്റ്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുകയെന്നു അധികൃതർ വ്യക്തമാക്കി.
കേരള പിറവി ദിനത്തിൽ നടന്ന ഉൽഘാടന ചടങ്ങിൽ ജി സി ഡി എ ചെയർമാൻ വി സലിം, ഡെപ്യൂട്ടി ഡി എം ഓ ഡോ. കെ സവിത, എന്നിവർ സംബന്ധിച്ചു.