ഇത് കൊച്ചി മെട്രോയുടെ സ്വന്തം ‘സൈക്കിൾ ക്ലബ്’
കോവിഡ് കാലഘട്ടത്തിൽ നഗരത്തിൽ വന്ന ഏറ്റവും വലിയ മാറ്റം സൈക്കിൾ പ്രേമികളുടെ കാര്യത്തിലുണ്ടായ വൻ വർധനയാണ്. ഈ മാറ്റം കൊച്ചിയുടെ പല ഭാഗങ്ങളിലായി നിരവധി സൈക്കിൾ ക്ലബ്ബുകൾ രൂപീകൃതമാകുന്നതിലും കൂടുതൽ ചെറുപ്പക്കാരെ ഇതിലേക്ക് ആകർഷിക്കുന്നതിനും കാരണമായിട്ടുണ്ട്.ഇതേ പാതയിലേക്ക് ഇപ്പോൾ ചൂളം വിളിച്ചു കടന്നു വന്നിരിക്കുകയാണ് കൊച്ചിയുടെ സ്വന്തം മെട്രോയും. കെ എം ആർ എൽ മുൻകൈ എടുത്തു നടപ്പിലാക്കിയ സൈക്കിൾ ക്ലബ്ബിന്റെ ഉൽഘാടനം കഴിഞ്ഞ ദിവസം ഡി ഐ ജി കെ മഹേഷ് കുമാർ നിർവഹിച്ചു. ചടങ്ങിൽ ഉൽഘാടകനും, കെ എം ആർ എൽ എം ഡി അൽകേഷ് കുമാർ ശർമ്മയും മറ്റു അതിഥികളും ക്ലബ് അംഗങ്ങളുമെല്ലാം സൈക്കിളിൽ വന്നത് ഏറെ കൗതുകമുണർത്തി. മുട്ടം യാർഡിൽ നടന്ന ചടങ്ങിൽ സംബന്ധിക്കാൻ 35 കിലോമീറ്ററോളം സൈക്കിളിൽ സഞ്ചരിച്ചു വന്ന അൽകേഷ് ശർമ്മ ഈ വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും സൈക്ലിംഗ് ഹോബിയാക്കാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ സൈക്കിൾ ക്ലബ് മുന്നിൽ ഉണ്ടാകുമെന്ന് പറഞ്ഞു. കെ എം ആർ എൽ ജീവനക്കാർ രൂപം കൊടുത്ത ഈ ക്ലബ്ബിൽ മെട്രോ ജീവനക്കാരായ അൻപതോളം പേര് അംഗങ്ങളാണ്.