‘ഇമ്മിണി ബല്യ ഒന്ന്’; കോവിഡ് അതിജീവന ക്യാമ്പയിനുമായി കുടുംബശ്രീ.
ഈ കോവിഡ് കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിസന്ധി തൊഴിൽ നഷ്ടം തന്നെയാണ്. ഇതിന്റെ ആഘാതം മറികടക്കാനായി കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘ഇമ്മിണി ബല്യ ഒന്ന്’. മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ വാചകമാണ് ഇവിടെ കടമെടുത്തിരിക്കുന്നത്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി നൂറു ദിവസം കൊണ്ട് ജില്ലയിലെ 1830 എ ഡി എസുകളിലും ഏറ്റവും കുറഞ്ഞത് ഒരു സംരഭമെങ്കിലും സൃഷിടിച്ചെടുക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി എത്ര ചെറുതായിക്കോട്ടെ, തുടങ്ങി വെക്കുക എന്നതാണ് പ്രധാനം. പദ്ധതിയുടെ പേര് സൂചിപ്പിക്കുന്നതും ഇത് തന്നെ. സാധാരണകർക്ക് ഏറെ പ്രയോജനനപെടുന്ന സാനിറ്റൈസറുകൾ, ചന്ദന തിരികൾ, അച്ചാർ നിർമ്മാണം, ജനകീയ ഹോട്ടലുകൾ, ഓൺലൈൻ സംരംഭങ്ങൾ, ഹോം ഡെലിവറി സംവിധാനങ്ങൾ എന്നിവയൊക്കെയാണ് ഇത്തരം കർമ്മ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സി ഡി എസ് മുഖേന സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ ബാങ്ക് വായ്പകൾ ലഭ്യമാക്കാൻ ഇതിലൂടെ അയൽക്കൂട്ട അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പദ്ധതി പ്രകാരം 2600 തൊഴിൽ സംരംഭങ്ങൾ തുടങ്ങുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശീയമായ ആശുപത്രികൾ, മാളുകൾ മറ്റ് വൻകിട തൊഴിൽ സംരംഭങ്ങളുമായി കൈകോർത്തുകൊണ്ടു തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും പ്രഥമ പരിഗണന നൽകി വരുന്നു. പ്രധാനമായും രണ്ടു മാർഗങ്ങളാണ് പദ്ധതി സാക്ഷാല്കാരത്തിനായി കുടുംബശ്രീ മുന്നോട്ടു വെക്കുന്നത്. 1) തൊഴിൽരഹിതർ സംരഭങ്ങൾ ആരംഭിച് സ്വയം തൊഴിൽ കണ്ടെത്തുക. 2) നിലവിലെ തൊഴിൽരഹിതർ ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാഗങ്ങൾക്കും തൊഴിൽ കണ്ടെത്താൻ സഹായിക്കുക.