വെറും പത്തു രൂപ നിരക്കിൽ നഗരവാസികൾക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന കൊച്ചി കോർപറേഷന്റെ ജനകീയ ഹോട്ടലിന് ഇന്ന് തുടക്കമായി. എറണാകുളം നോർത്ത് പരമരാ റോഡിൽ കോർപറേഷന്റെ തന്നെ ഉടമസ്ഥതിയിലുള്ള ലിബ്ര ഹോട്ടൽ കെട്ടിടത്തിലാണ് ‘സമൃദ്ധി @ കൊച്ചി’ എന്ന പേരിലെ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. ഭക്ഷണ ശാലയുടെ ഉൽഘാടനം ചലച്ചിത്ര താരം മഞ്ജു വാരിയർ നിർവഹിച്ചു. ചടങ്ങിൽ കൊച്ചി മേയർ എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. ‘ദേശിയ നഗര ഉപജീവന ദൗത്യം’ (എൻ. യൂ .എൽ) പദ്ധതി വഴിയാണ് ജനകീയ ഹോട്ടൽ നടപ്പാക്കുന്നത്. വളരെ മിതമായ നിരക്കിൽ എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ആശയവുമായി വിശപ്പ് രഹിത കൊച്ചി എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ജനകീയ ഹോട്ടൽ പദ്ധതി കൊച്ചി കോർപറേഷൻ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്. അടുക്കളക്ക് ആവശ്യമായ 20 ലക്ഷം രൂപയുടെ ഉപകരണങ്ങൾ മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിന്റെ സി എസ് ആർ ഫണ്ട് വഴിയാണ് ലഭ്യമാക്കിയത്. വലിയ ഹോട്ടലുകളിൽ ഉള്ളത് പോലെ ആധുനിക സംവിധാനങ്ങളോട് കൂടിയ കേന്ദ്രികൃത അടുക്കളയാണ് ഈ ഹോട്ടലിൽ ഉള്ളത്. ഈ പദ്ധതിക്കായി വലിയ തോതിൽ കോർപ്പറേഷൻ ഫണ്ട് ചിലവഴിക്കാതെ സി എസ് ആർ, മറ്റ് സ്പോണ്സർഷിപ്പുകൾ എന്നിവ വഴിയാണ് പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുന്നത്. കോർപറേഷനിലെ കുടുംബശ്രീ പ്രവർത്തകരായ 14 വനിതകളാണ് ആദ്യ ഘട്ടത്തിൽ ഹോട്ടലിലെ ജീവനക്കാരായി പ്രവർത്തിക്കുക.
പതിവ് രീതിയിലുള്ള ഉച്ചഭക്ഷണം തന്നെയാവും ഇവിടെയും ലഭ്യമാവുക. ചോറ്, സാമ്പാർ, മറ്റ് രണ്ടു കറികൾ അച്ചാർ എന്നിവയാണ് 10 രൂപ ഉണിലെ വിഭവങ്ങൾ. പാർസലിന് 15 രൂപ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 11 മുതൽ 3 മണി വരെയാണ് ഉച്ചയൂണ് സമയം. ഫിഷ് ഫ്രൈ ഉൾപ്പെടെയുള്ള പ്രേത്യക വിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമാണ്. അടുത്ത മാസം മുതൽ 20 രൂപ നിരക്കിൽ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും ലഭ്യമാക്കി തുടങ്ങും. പ്രഥമ ഘട്ടത്തിൽ ഇവിടെ 1,500 പേർക്കാണ് ഭക്ഷണം തയാറാക്കുക. ഇത് പിനീട് 3,000 പേർക്കായി വർധിപ്പിക്കും. ഉച്ചയൂണിനു 20 രൂപ നിരക്കിൽ കോർപറേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പ്രാദേശിക ചെറു ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം തുടരും.

