ലോകം മുഴുവൻ പുതു വർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ കൊച്ചിയിയിൽ കാണാനാവുന്നത് അത്ര ആവേശം വിതറുന്ന കാഴ്ചകളല്ല. കാരണം മറ്റൊന്നുമല്ല, പുതു വർഷ രാവിൽ കൊച്ചിയുടെ മുഖമുദ്രയായി അറിയപ്പെട്ടിരുന്ന പപ്പാഞ്ഞി കത്തിക്കലും കൊച്ചിൻ കാർണിവലും കോവിഡ് വ്യാപന ഭീതി മൂലം ഇക്കുറി ഇല്ല. സാധാരണ ഡിസംബറിലെ അവസാന രണ്ടാഴ്ച കാലം ഫോർട്ട് കൊച്ചിയും പരിസരവുമെല്ലാം ആഘോഷ നിറവിൽ മുങ്ങേണ്ട സമയമാണിത്. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് ഡിസംബർ ആദ്യവാരം തന്നെ സബ് കളക്ടർ അധ്യക്ഷനായ കാർണിവൽ കമ്മിറ്റി ആഘോഷ പരിപാടികൾ വേണ്ടെന്ന് വെക്കുകയായിരുന്നു. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് സെയിന്റ് ഫ്രാൻസിസ് പള്ളിയുടെ മുന്നിലുള്ള സൈനീക സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു ഐക്യ ദാർഢ് പ്രതിജ്ഞ എടുക്കുന്ന ചടങ് ആദ്യമേ തന്നെ ഒഴിവാക്കിയിരുന്നു. ഇതോടെ കാർണിവലും അനുബന്ധ ആഘോഷ ചടങ്ങുകളും ഇത്തവണ ഇല്ല എന്ന യാഥാർഥ്യത്തോടെ കൊച്ചിക്കാർ പൊരുത്തപ്പെട്ടു തുടങ്ങി.
കേരളത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ള ഒരാഘോഷ പരിപാടികളിൽ ഒന്നായിട്ടാണ് കാർണിവലും പപ്പാഞ്ഞി കത്തിക്കലും ഉൾപ്പട്ടിരിക്കുന്നത്. എല്ലാ വർഷവും പുതുവർഷ രാവിൽ പതിനായിരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്കു ഒഴുകി എത്തി കൊണ്ടിരുന്നത്. വഴികളെല്ലാം തോരണങ്ങളും അലങ്കാര ലൈറ്റുകളുമെല്ലാം മിന്നിച് തെരുവുകളെല്ലാം അതിമനോഹരമാകാൻ ഓരോ പ്രദേശവാസികളും അതീവ ശ്രദ്ധ ചെലുത്താറുണ്ട്. ഇതിൽ എടുത്തു പറയേണ്ടത് ഫോർട്ട് കൊച്ചി വെളി മുതൽ കമാലകടവ് വരെയുള്ള ഭാഗമാണ്. മാത്രമല്ല വഴിയോരത്തെ കൂറ്റൻ മരങ്ങളിലെല്ലാം നക്ഷത്രങ്ങളും മറ്റു അലങ്കാര വിളക്കുകളും ചേർത്ത് മനോഹര ക്രിസ്മസ് ട്രീകൾ ഇക്കാലത്തെ സ്ഥിരം കാഴ്ചകളിൽ ഒന്നാണ്. അലങ്കാര പണികൾക്കും ചെറു ആഘോഷങ്ങൾക്കും യാതൊരു കുറവും വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. പശ്ചിമ കൊച്ചിയിലെ കച്ചവടക്കാരുടെ പ്രധാന സീസൺ ആകേണ്ടിയിരുന്ന ഈ ഉത്സവ കാലവും നിശബ്ദമായി കടന്നു പോകുകയാണ്.
ഇതിൽ ഏറ്റവും കൂടുതൽ മിസ് ചെയുന്ന ഉത്സവമാണ് പപ്പാഞ്ഞി കത്തിക്കൽ. ആഴ്ചകൾ നീളുന്ന പരിശ്രമങ്ങൾക്കു ഒടുവിലാണ് ഭീമൻ പപ്പാഞ്ഞി രൂപപ്പെടുത്തി എടുക്കുന്നത് എന്ന് കൊച്ചിക്കാർക്കു മാത്രം അറിയാവുന്ന ഒരു രഹസ്യമാണ്. കത്തിക്കൽ ചടങ്ങിന് അതീവ സുരക്ഷ മാനദണ്ഡങ്ങൾ വേറെ. കടപ്പുറം ഇപ്പോൾ കടലെടുത്തു ചുരുങ്ങിയതിനാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പരേഡ് മൈതാനത്തായിരുന്നു പപ്പാഞ്ഞി കത്തിക്കൽ നടത്തിയിരുന്നത്. ചെറുപ്പക്കാരുടെ ഹരമായ ബൈക്ക് റേസുകളും ബീച്ച് ഫുട്ബാൾ മത്സരങ്ങളും ഇതിന്റെ ഭാഗമായി നടത്തി വന്നിരുന്നു. കഴിഞ്ഞ വർഷം പുതു വൈപ്പിൻ ബീച്ചിൽ നടത്തിയ ബൈക്ക് റേസുകൾ മത്സര പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1981 ൽ ആണ് കൊച്ചിൻ കാർണിവൽ ആരംഭിച്ചത്. ഇത് ആദ്യമായല്ല കാർണിവൽ മുടങ്ങുന്നത്. 1984 ൽ അന്നത്തെ രാഷ്ട്രപതി സെയിൽ സിംഗ് മരിച്ചപ്പോഴും, 2004 ഡിസംബറിൽ സുനാമി തിരമാലകൾ ദക്ഷിണേന്ത്യൻ തീരങ്ങളിൽ നാശം വിതച്ചപ്പോഴും ഇത്തരത്തിൽ ആഘോഷ പരിപാടികൾ റദ്ദ് ചെയ്തിരുന്നു. പൊതുവിൽ കാർണിവലും പപ്പാഞ്ഞിയുമില്ലാത്ത പുതുവത്സരരാവ് കൊച്ചിക്കാർക്ക് വലിയ ഉത്സാഹം നൽകുന്നിലെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയുള്ള അധികൃതരുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും പൂർണമായി ഉൾകൊളുന്നു എന്ന് വേണം കരുതാൻ.