കൊച്ചി: കോവിഡ് മഹാമാരിയിലൂടെ പ്രതിസന്ധിയിലായ സമ്പദ് ഘടനയുടെ തിരിച്ചുവരിൽ ഇന്ത്യ മുന്നിലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. കേന്ദ്ര സർക്കാറിന്റെ ഉചിതമായ നയനിലപാടുകളും വൈവിധ്യപൂർണമായ നൈപുണ്യവികസനവുമാണ് ഇതിന് സഹയകരമായതെന്ന് അദ്ദേഹം പറഞ്ഞു.
ആത്മനർഭർ ഭാരതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ പൊതു സാമ്പത്തിക സ്ഥിതിയെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) വിവിധ മേഖലകളിലെ പ്രഗൽഭരുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി.
മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്വയം പര്യാപ്തതയിലൂന്നിയ വാക്സിൻ ഉൽപാദനം, ആരോഗ്യ രംഗത്തെ പശ്ചാത്തലസൗകര്യ വികസനം തുടങ്ങിയവക്ക് പ്രാധാന്യം നൽകിയുള്ള നയരൂപീകരണങ്ങളാണ് കേന്ദ്ര സർക്കാർ മഹാമാരിക്കാലത്ത് കൈക്കൊണ്ടത്. സമൂഹത്തിലെ താഴേത്തട്ടിലുള്ള ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് ഭക്ഷണം, പണം എന്നിവയുടെ വിതരണത്തിൻ സർക്കാർ പ്രത്യേക പരിഗണന നൽകി. സർക്കാർ ആവിഷ്കരിച്ച സാമ്പത്തിക പുനരുജ്ജീവന പാക്കേജിൽ ഉൾപ്പെട്ട പല ഘടകങ്ങളും ഈ ലക്ഷ്യത്തോടെയായിരുന്നു. പേരുകേട്ട പല അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായിരുന്നു ഇതെന്ന് മന്ത്രി പറഞ്ഞു.
ദീർഘകാല വളർച്ചാനിരക്ക് ലക്ഷ്യമിട്ട് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണങ്ങൾ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഇന്ത്യയുടെ സമ്പദ്ഘടനക്ക് സഹായകരമായി. ആത്മനിർഭർ ഭാരത് ആശയത്തിന് കീഴിൽ വാക്സിൻ, സമ്പദ് ഘടന എന്നിവയ്ക്കൊപ്പം രാജ്യസുരക്ഷയിലും ജനാധ്യിപത്യം ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധയൂന്നാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വ്യവസായികൾ, സംരംഭകർ, ഐടി വിദഗ്ധർ, വിവിധ സ്ഥാപന മേധാവികൾ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവരുമായി അദ്ദേഹം ആശയങ്ങൾ പങ്കുവെച്ചു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ, എ ജയകുമാർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ: ആത്മനർഭർ ഭാരതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ പൊതു സാമ്പത്തിക സ്ഥിതിയെ കുറിച്ച് സിഎംഎഫ്ആർഐയിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രഗൽഭരുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ആശയവിനിമയം നടത്തുന്നു.