കോവിഡ് ഉയർത്തുന്ന ഭീഷിണികൾക്കിടയിലും കൊച്ചിയുടെ ഐ ടി രംഗത്തിനു ഉണർവ് പകരുന്ന വാർത്തകളാണ് പുറത്തു വരുന്നത്. കാക്കനാട് ഇൻഫോപാർക്കിൽ ഈ വർഷം അവസാനത്തോടെ പത്തു ലക്ഷം ചതുരശ്രഅടി സ്ഥലം പുതിയ കമ്പനികൾക്കായി ഒരുങ്ങുന്നു. നിലവിലെ 92 ലക്ഷം ചതുരശ്ര അടി എന്ന ഇൻഫോപാർക്കിന്റെ ആകെ സ്ഥലവ്യാപ്തി ഇതോടെ ഒരു കോടി ചതുരശ്രഅടിയായി ഉയരും. മാത്രമല്ല ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിലെ 2.63 ഏക്കർ സ്ഥലത്ത് മൂന്ന് ടവറുകളിലായി കാസ്പിയൻ ടെക്നോ പാർക്ക് ക്യാമ്പസിന്റെ നിർമ്മാണം അവസാനഘട്ടത്തിലെത്തി നിൽക്കുന്നു. ഇവിടെ 1.30 ലക്ഷം ചതുരശ്ര അടി ഓഫീസ് ഇടം ലഭിക്കുന്ന ആദ്യ ടവർ അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയാകും. ഏതാണ്ട് 10 നിലകളുള്ള ഈ കെട്ടിടത്തിൽ ഐ ടി സ്ഥാപനങ്ങളും മറ്റ് ഐ ടി അനുബന്ധ കമ്പനികളും പ്രവർത്തിക്കുവാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കപ്പെടുന്നതോടെ കാസ്പിയൻ ടെക്നോ പാർക്ക് ക്യാമ്പസിൽ 4.50 ലക്ഷം ചതുരശ്ര അടി സ്ഥലം ലഭിക്കും.
രണ്ടാംഘട്ടത്തിലുൾപ്പെട്ടിരുന്ന ക്ളൗഡ് സ്പേസ് സൈബർ പാർക്ക് നിർമ്മാണം പൂർത്തിയായി ഉൽഘാടനത്തിന് ഒരുങ്ങി കഴിഞ്ഞു. ഇവിടെ ആദ്യ ഘട്ടത്തിൽ ചെറുകിട, ഇടത്തരം ഐ ടി കമ്പനികൾക്കായി 62,000 ചതുരശ്ര അടി സ്ഥലമാണ് തയാറാക്കിയിരിക്കുന്നത്. ഇവിടുത്തെ പ്രധാന ആകർഷണം രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖ സോഫ്റ്റ് വെയർ കമ്പനിയായ ഐ ബി എസ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി വൈകാതെ പ്രവർത്തനമാരംഭിക്കും. ഇവർക്ക് കൊച്ചിയിൽ സ്വന്തമായുള്ള നാല് ഏക്കർ ഭൂമിയിൽ ആറു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ആണ് ഐ ടി ക്യാമ്പസ് തയ്യാറാവുന്നത്. പ്രവർത്തനസജ്ജമാകുമ്പോൾ;ഏതാണ്ട് ആറായിരത്തോളം പേർക്ക് ഇവിടെ തൊഴിൽ അവസരം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.