പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവതാംകൂറിലുണ്ടായ ചില അവിസ്മരണീയ സംഭവങ്ങളെ ആസ്പദമാക്കി ഒരു ബ്രഹ്മാണ്ഡ ചലച്ചിത്രമൊരുങ്ങുന്നു.
മലയാള സിനിമ പ്രേമികൾക്ക് മറക്കാൻ സാധിക്കാത്ത ഒരുപിടി നല്ല ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സംവിധായകൻ വിനയൻ ഇപ്പോൾ വലിയൊരു ചിത്രത്തിൻെറ പണിപ്പുരയിലാണ്. വർഷങ്ങളായുള്ള വായനയ്ക്കും, ചർച്ചകൾക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ശ്രീ ഗോകുലം ഗോപലനാണ് ഗോകുലം മൂവിസിൻെറ ബാനറിൽ ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ ശ്രീ വിനയൻെറ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.
ചിത്രത്തിൻറ്റെ ആദ്യ പോസ്റ്റർ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മനോഹൻലാലും അവരവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു കൊണ്ട് പിന്തുണ അറിയിച്ചിട്ടുണ്ട്. വളരെ അധികം നിർമ്മാണച്ചെലവു വേണ്ടി വരുന്ന ഈ സിനിമയുടെ ഷൂട്ടിങ് ഡിസംബർ പകുതിയോടെ തുടങ്ങാൻ സാധിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.