കൊച്ചി: കാണാത്ത കാഴ്ച്ചകൾ കാണാൻ കൂടുതൽ നല്ലത് പ്രക്യതി സംരക്ഷണ വാഹനമായ സൈക്കിളാണ് എന്ന സന്ദേശവുമായി പെഡൽ ഫോഴ്സ് കൊച്ചി (പി. എഫ്. കെ) യുടെ 200 കിലോമീറ്റർ സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര വൈറ്റില ജംഗ്ഷനിലെ മീശക്കാരൻ ചായക്കടയിൽ നിന്ന് കടയുടമ മീശക്കാരൻ കണ്ണൻ ചേട്ടൻ ഫ്ലാഗ് ഓഫ് ചെയ്തു.
മിൽമ, റിപ്പിൾ ടീ, ക്ലബ് മഹീന്ദ്ര, കൊംമ്പാൻ സൈക്കിൾ ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ പി. എഫ്. കെ ഫൗണ്ടർ ജോബി രാജു സുഹൃത്തുക്കളായ സന്തോഷ് ജോസഫ്, പോൾ ടോം, നാരായണകുമാർ, മീനാക്ഷി, സനൽ, ഫാരിസ് മുഹമ്മദ്, ചൈതന്യൻ, വർഗീസ്, വിഷ്ണു എന്നിവരടങ്ങിയ 10 അംഗ സംഘമാണ് 2 ദിവസം കൊണ്ട് ചെറായി ബീച്ച്, മലയാറ്റൂർ, ഇരിങ്ങോൾ കാവ്, കല്ലിൽ ഗുഹാ ക്ഷേത്ര പ്രദേശങ്ങളിലെ കാഴ്ച്ചകൾ ഒപ്പിയെടുക്കാൻ പരിസര മലിനീകരണം ഒഴിവാക്കി സൈക്കിളിൽ സഞ്ചരിക്കുന്നത്. ചെറായി ബീച്ചിൽ തങ്ങുന്ന സംഘം പിറ്റേ ദിവസം വൈകിട്ട് കൊച്ചിയിൽ തിരിച്ചെത്തും.