തെരുവുകളിൽ കരുതലിൻറ്റെ പൊതിച്ചോർ പദ്ധതിയുമായി സ്ത്രീ സൗഹൃദ കൂട്ടായ്മ..
വിശക്കുന്ന വയറുമായി തെരുവുകളിൽ കഴിയുന്നവർക്കും, ഉച്ച ഭക്ഷണം വാങ്ങാൻ സാമ്പത്തിക ശേഷികുറവുള്ളവർക്കും സൗജന്യമായി ഭക്ഷണം നൽകി സഹായിക്കുന്നതിനായി ‘പൊതിച്ചോർ’ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ‘ടുഗെതർ വീ ക്യാൻ അസോസിയേഷൻ (twca) എന്ന സ്ത്രീകളുടെ സൗഹൃദ കൂട്ടായ്മ. വിശപ്പില്ലാ കേരളം എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഞ്ച് ബോക്സുകൾ മുഖേന പൊതിച്ചോറുകൾ വിതരണം ചെയുന്ന പദ്ധതിയാണിത്. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ സംസ്ഥാനത്തെ ആദ്യ ലഞ്ച് ബോക്സ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. തെരുവിൽ കഴിയുന്നവർക്കും ജോലി നഷ്ട്ടപെട്ടതു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഈ പദ്ധതി ഏറെ പ്രയോജനം ചെയ്യും. സ്റ്റൈൻലെസ്സ് സ്റ്റീലിൽ നിർമ്മിച്ച മികച്ച ഈടും ഗുണമേൻമയുമുള്ള ഇത്തരം ലഞ്ച് ബോക്സുകൾ വരും നാളുകളിൽ ആരാധനാലങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയോടു ചേർന്ന് സ്ഥാപിക്കും. സമീപ സ്ഥലത്തെ ഹോട്ടലുകളുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇപ്രകാരം എല്ലാദിസവും ഉച്ചക്ക് 30 പൊതിച്ചോറുകൾ ബോക്സിൽ ലഭ്യമാക്കും. ബോക്സിന്റെ ഒരുവശത്ത് സ്ഥാപിച്ചിട്ടുള്ള കണ്ണാടി ജാലകത്തിലൂടെ ഉള്ളിൽ ഭക്ഷണം ഉണ്ടോ ഇല്ലയോ എന്നറിയാൻ സാധിക്കും. കോവിഡ് കാലമായതിനാൽ കൈതൊടാതെ ബോക്സ് തുറക്കുന്നതിനുമുണ്ട് വ്യത്യസ്ത മാർഗങ്ങൾ. ബോക്സിനു താഴെ സ്ഥാപിച്ചിരിക്കുന്ന പെഡലിൽ ചവിട്ടിയാൽ ബോക്സ് തുറക്കപ്പെടും. ഈ ബോക്സുകൾ സംഭാവന ചെയ്തിരിക്കുന്നത് സൗകര്യ മ്യൂസിയം ഉടമയായ ഡോ മോൻസൻ മാവുങ്കൽ ആണ്.
വിദ്യാർത്ഥിനികളും പ്രൊഫെഷനലുകളും വീട്ടമ്മമാരും ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ സൗഹൃദ കൂട്ടായ്മയാണ് ‘ടുഗെതർ വീ ക്യാൻ അസോസിയേഷൻ എന്ന സംഘടന.
മെറിൻ ബിജു ആണ് അസോസിയേഷൻ പ്രസിഡന്റ്. സെക്രട്ടറി രേഷ്മ തോമസ്.
താല്പര്യമുള്ളവർക്ക് ഈ പദ്ധതിയുമായി സഹകരിക്കുകയോ സാമ്പത്തികമായി പിന്തുണക്കുകയോ ആവാം. കൂടുതൽ വിവരങ്ങൾക്ക് 98465 82188. എന്ന നമ്പറിൽ ബന്ധപെടുക.