പാലം പൊളിച്ചു തുടങ്ങി, നിയന്ത്രണങ്ങൾ അടുത്ത ആഴ്ച മുതൽ.
‘പഞ്ചവടി പാലം’ എന്ന് മാധ്യമങ്ങളും ജനങ്ങളും പേരിട്ടു വിളിച്ച പാലാരിവട്ടം പാലത്തിന്റെ ചില ഭാഗങ്ങൾ പൊളിച്ചു നീക്കുന്ന നടപടികൾ തൃകൃതായി നടന്നുവരുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പാലത്തിലെ നവീകരണ ജോലികൾ ഇ ശ്രീധരനെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചതും ആദ്യഘട്ട ജോലികൾ ആരംഭിച്ചതും ശരവേഗത്തിലായിരുന്നു. കൂടുതൽ തുടർ വിവാദങ്ങൾക്ക് ഇടം നൽകാതെ എത്രെയും വേഗം പണികൾ പൂർത്തിയാക്കി ‘പാലം കടക്കുക’ എന്ന ദൗത്യത്തിലാണ് ഇപ്പോൾ എല്ലാവരും. മണ്ണുമാന്തി യന്ത്രമുപയോഗിച്ചുകൊണ്ടു പാലത്തിന്റെ മുകൾ ഭാഗത്തെ ടാറിങ് ഇളക്കി മാറ്റുന്ന ജോലിയാണ് ഇപ്പോൾ നടന്നു വരുന്നത്. ഇതിന് മുന്നോടിയായി ഡി എം ആർ സി യുടെ നേതൃത്വത്തിൽ പാലത്തിൽ പൂജ കർമ്മങ്ങൾ നടന്നു. നിലവിലെ ജോലികൾ ഗതാഗതത്തെ ബാധിക്കുന്നതല്ല. എന്നാൽ അടുത്ത ആഴ്ച കോൺക്രീറ്റ് കട്ടകൾ മുറിക്കുന്ന ജോലികൾ ആരംഭിക്കുന്നതോടെ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കേണ്ടി വരുന്ന പശ്ചാത്തലത്തിൽ ചില ഗതാഗത നിയന്ത്രണങ്ങൾ കൊണ്ടുവരുവാനുള്ള സാഹചര്യം കൂടുതലാണ്. പാലത്തിനു സമീപമുള്ള ചെറു റോഡുകളുടെയും സർവീസ് റോഡുകളുടെയും അറ്റുകുറ്റ പണികൾ ഒരാഴ്ച്ചക്കുളിൽ പൂർത്തീകരിച്ച ശേഷം ഗതാഗതം മറ്റുവഴികളിലൂടെ തിരിച്ചു വിടാനുള്ള നടപടികൾ കൈക്കൊള്ളും. നിലവിലെ സാഹചര്യത്തിൽ സമീപത്തെ പൈപ്പ്ലൈൻ റോഡ് സുഗമമായ ഗതാഗതത്തിനു യോഗ്യമല്ല. ഈ പ്രശ്നങ്ങൾ പരിഹരിച്ചാൽ നിരവധി വാഹനങ്ങൾ ആ വഴി കടത്തി വിടാൻ സാധിക്കുന്നതിനാൽ ഇപ്പോൾ മുഖ്യ പരിഗണന പൈപ്പ്ലൈൻ റോഡിന്റെ നവീകരത്തിനു നൽകി വരുന്നു. ഗതാഗത നിയന്ത്രങ്ങൾക്കുള്ള ഒരു രൂപരേഖ സിറ്റി ട്രാഫിക് പോലീസ് തയാറാക്കി വരുന്നുണ്ട്. ഈ ഞായറാഴ്ച മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇവ നടപ്പാക്കി തുടങ്ങും. വിശദ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
പാലം പണി പൂർത്തീകരിക്കാൻ ഏകദേശം 8 മാസകാലയളവ് വേണ്ടി വരുമെന്ന് ഇ ശ്രീധരൻ വ്യക്തമാക്കിയിട്ടുണ്ട്. പുനർനിർമ്മാണ ജോലികൾക്ക് ശേഷം പാലത്തിന് 100 വർഷത്തെ ആയുസാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.