കൊച്ചിയിൽ നിന്ന് രാജ്യത്തെ തീരമേഖലകളെ എല്ലാം ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു കപ്പൽ സർവീസിനു കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വിശദമായ ഒരു പദ്ധതി തയാറാക്കി വരുന്നു. കൊച്ചി അടക്കം 13 സ്ഥലങ്ങളാണ് പ്രഥമ പരിഗണന പട്ടികയിൽ ഉള്ളത്. ഇന്ത്യയിലെ തീരമേഖലകളെയെല്ലാം ഇത്തരത്തിൽ കോർത്തിണക്കുന്നത് അതിവേഗതയിലുള്ള ചരക്ക് നീക്കങ്ങൾക്കും മറ്റ് വാണിജ്യാവശ്യങ്ങൾക്കും കൂടുതൽ പ്രയോജനമാകും. കൊച്ചിയുടെ വികസന സാദ്ധ്യതകൾ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുവാൻ ഈ പദ്ധതി സഹായകമാകും. മാത്രമല്ല മറ്റ് വിദേശ രാജ്യങ്ങളിലേക്കുള്ള കപ്പൽ സർവിസുകൾ ഇവിടെ നിന്ന് പ്രവർത്തനസജ്ജമാകുന്നതിനു ഈ പദ്ധതി ഉപകരിച്ചേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പൊതുവെ വിനോദ സഞ്ചാര മേഖലയിൽ അൽപ്പം മേൽക്കോയ്മയുള്ള കൊച്ചിക്ക് ഇത് വലിയൊരു വികസനസാധ്യതയുടെ വാതിലുകളാണ് തുറന്നിടുന്നത്. നിലവിൽ കൊച്ചി തുറമുഖവും, വല്ലാർപാടം കണ്ടെയ്നർ ടെർമിനലും അതിലേക്കുള്ള റെയിൽ യാത്ര സൗകര്യങ്ങളും എല്ലാം ഈ പദ്ധതിയിൽ കൊച്ചിക്ക് സ്ഥാനം നേടികൊടുക്കുന്നതിന് സഹായകമായ ഘടകങ്ങൾ ആയി വിലയിരുത്തപ്പെടുന്നു. എല്ലാ വർഷവും പതിവായി നിരവധി വിദേശ ആഡംബര കപ്പലുകൾ കൊച്ചി സന്ദർശിച്ചു മടങ്ങാറുണ്ട്. കൊച്ചിയെ ഇത്തരം ആഡംബര നൗകകൾ ഒരു പ്രധാന ഹാൾട്ടിങ് സ്റ്റേഷൻ ആയിട്ടാണ് കണക്കാക്കി പോരുന്നത്.
കൊച്ചിക്കു പുറമെ മുംബൈ, ഗോവ, മുദ്ര എന്നീ തുറമുഖ നഗരങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.