കോവിഡ് പോസിറ്റീവ് ആയി വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് സൗജന്യമായി ഓക്സിജൻ വിതരണം ചെയ്തു കൊച്ചിയിലെ സിഖ് സമൂഹം. ഏറെ കാലമായി നഗരത്തിലെ സാമൂഹ്യ സേവന മേഖലയിൽ സജീവമായി ഇടപെടുന്ന ഗുരുദ്വാര സിംഗ് സഭയും ‘ഖൽസ എയിഡ് ഇന്റർനാഷണൽ’ എന്ന സംഘടനയും സംയുക്തമായി ചേർന്നാണ് ഓക്സിജൻ വിതരണ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതിനോടകം തന്നെ 40 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ തയാറാക്കി കഴിഞ്ഞു. ഇവ ആവശ്യക്കാർക്ക് നൽകിയ ശേഷം പിന്നീട് അണു വിമുക്തമാക്കി സംഘടനയെ തിരികെ ഏൽപ്പിക്കുന്നതാണ് നിലവിലെ രീതി. ഇവയിൽ;10 കോൺസെൻട്രേറ്ററുകൾ ഐ എം എ ക്കും 10 കോൺസെൻട്രേറ്ററുകൾ ദേശീയ ആരോഗ്യ ദൗത്യ സംഘത്തിനും സംഘടനാ കൈമാറി. സഹായം ആവിശ്യമുള്ളവർക്ക് സംഘടനയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പറുകൾ 77360 01600, 94470 91773, 93871 78927.
“കോവിഡ് ചികിത്സക്ക് ശേഷം ഒട്ടേറെ പേർക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ആവശ്യമായി വരാറുണ്ട്. ഞങ്ങളെ ബന്ധപെടുന്നവർക്ക് ഇത് സൗജന്യമായി എത്തിച്ചു കൊടുക്കുന്നു. ഇതിനായി വാടകയോ മറ്റു ഡെപ്പോസിറ്റുകളോ ഒന്നും ഞങ്ങൾ വാങ്ങുന്നില്ല. ഈ സേവനം തീർത്തും സൗജന്യമാണ്” സന്നദ്ധ പ്രവർത്തനങ്ങളിലെ വോളന്റിയർ ആയ അൻമോൽ സിംഗ് കാര്യങ്ങൾ വിശദീകരിക്കുന്നു. മെയ് മാസം 26 മുതൽ ഈ പ്രവർത്തനങ്ങളുമായി ഇവർ കൊച്ചിയിൽ സജീവമാണ്. 2018 ൽ എറണാകുളത്തെ വിഴുങ്ങിയ പ്രളയ സമയത്തും ‘ഗുരുദ്വാര സിംഗ് സഭ കൊച്ചി’ എന്ന സംഘടനാ സേവന പദ്ധതികളുമായി സജീവമായിരുന്നു. അക്കാലത്ത് ദിനംപ്രതി 1000 ൽ അധികം ഭക്ഷണ പൊതികളാണ് ഇവർ ആവശ്യക്കാർക്ക് എത്തിച്ചത്. മാത്രമല്ല ഇക്കഴിഞ്ഞ രണ്ടു ലോക്ക് ഡൗൺ കാലഘട്ടതും തെരുവോരങ്ങളിൽ കഴിയുന്നവർക്കും മറ്റു പാവപെട്ട സമൂഹത്തിനുമായി ദിനപ്രതി അഞ്ഞൂറോളം ഭക്ഷണ പൊതികൾ സമൂഹ അടുക്കളകൾ വഴി ഇവർ വിതരണം ചെയ്തിരുന്നു. പ്രതിസന്ധി കാലങ്ങളിൽ കൊച്ചിക്കു തണലായി തുടരുന്ന ഈ സന്നദ്ധ പ്രവർത്തങ്ങൾക്ക് ഇവരുടെയൊക്കെ കുടുംബാംഗങ്ങളുടെയും അകമഴിഞ്ഞ പിന്തുണയുണ്ട്.