ചെറു സമ്പാദ്യങ്ങളിലൂടെ ലോകത്തിന്റെ പല ദിക്കുകളിലേക്കും ഭാര്യസമേതം യഥേഷ്ടം സഞ്ചരിച്ചു കൊണ്ട് കേരളത്തിലെ സാധാരണക്കാരെ വരെ ലോകയാത്രകൾക്ക് പ്രേരിപ്പിച്ച കൊച്ചിയുടെ പ്രിയപ്പെട്ട വിജയേട്ടൻ മടക്കമില്ലാത്ത ആ ലോകത്തിലേക്ക് യാത്രയായി. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം 71 വയസായിരുന്നു. എറണാകുളം കമ്മട്ടിപ്പാടത്ത് വർഷങ്ങളായി ശ്രീ ബാലാജി കഫെ എന്നൊരു ചെറുചായക്കട നടത്തിക്കൊണ്ടു 25 ൽ അധികം രാജ്യങ്ങൾ സന്ദർശിച്ച വിജയൻ – മോഹന ദമ്പതികളുടെ ലോകസഞ്ചാര കഥ കേട്ട് വിസ്മയിക്കാത്ത മലയാളികൾ ചുരുക്കം. വളരെ സാധാരണ ജീവിത ശൈലിയും വരുമാനമാർഗ്ങ്ങളും പിന്തുടരുന്ന ഇവരുടെ യാത്രകഥകൾ ഒട്ടേറെപ്പേർക്ക് ലോകസഞ്ചാരം നടത്താൻ പ്രേരണ ആയി എന്നുള്ളത് നിഷേധിക്കാനാവാത്ത ഒരു യാഥാർഥ്യമാണ്..രണ്ടാഴ്ച നീണ്ട റഷ്യൻ പര്യടനം കഴിഞ്ഞു ഒരാഴ്ച മുൻപാണ് ഇരുവരും കൊച്ചിയിൽ തിരിച്ചെത്തിയത്
ഒരു ചായക്കട നടത്തുന്ന സാധാരണ തൊഴിലാളി, അധ്വാനിച്ച പണം സ്വരുക്കൂട്ടി ഭാര്യയുമൊന്നിച്ച് നടത്തിയ ലോക യാത്രകളുടെ വാർത്തകൾ ഏതാനും വർഷങ്ങൾ മുൻപ് വളരെ അത്ഭുതത്തോടെയാണ് രാജ്യം ശ്രവിച്ചത്. പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് രണ്ടു പെൺമക്കളുടെയും വിവാഹശേഷമാണ് ഇരുവരും വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന പതിവ് തുടങ്ങിയത്. അങ്ങനെ തുടങ്ങിയ ടൂർ പ്രോഗ്രാമുകൾക്കു കോവിഡ് കാലം മാത്രമാണ് തടസമായി നിന്നത്. അവസാനം റഷ്യ സന്ദർശിച്ചു തിരിച്ചെത്തിയപ്പോൾ സന്ദർശിച്ച രാജ്യങ്ങളുടെ പട്ടിക 26 ആയി ഉയർന്നു. റിട്ടയർ ചെയ്ത ശേഷം ദമ്പതികൾ വിദേശ രാജ്യങ്ങളിൽ പോകുന്ന പതിവ് ഇവരുടെ കഥ പ്രചരിച്ചതിനു ശേഷം ക്രമാതീതമായി വർധിച്ചു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു കമ്മട്ടിപ്പാടത്തെ ശ്രീ ബാലാജി കഫെയും കൊച്ചിക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. നല്ല ചൂട് പരിപ്പ് വട, പഴം പൊരി, നീട്ടി അടിച്ചെടുത്ത ചായ ഇവയൊക്കെ ഒരിക്കെലെങ്കിലും പോയി രുചിച്ചു നോക്കാത്തവർ നഗരത്തിൽ വിരളമാണ്.