കൊച്ചി: ഏറെക്കാലമായി കേരളതീരങ്ങളിൽ ക്ഷാമം നേരിട്ടിരുന്ന മത്തി കാലാവസ്ഥ അനുകൂലമായതോടെ ചെറിയ തോതിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തെക്കൻ കേരളത്തിന്റെ വിവിധ തീരങ്ങളിലാണ് ചെറുമത്തികൾ കണ്ടുതുടങ്ങിയത്. എന്നാൽ, ഇവ പിടിക്കുന്നതിൽ കരുതൽ വേണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പിടിക്കപ്പെട്ട മത്തിയുടെ വളർച്ചാപരിശോധന നടത്തിയപ്പോൾ ഇവ പ്രത്യുൽപാദന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് സിഎംഎഫ്ആർഐ ഗവേഷകർ കണ്ടെത്തി. 14-16 സെ.മീ. വലിപ്പമുള്ള ഇവ പൂർണ പ്രത്യുൽപാദനത്തിന് സജ്ജമാകാൻ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, മുട്ടയിടാൻ പാകമായ വലിയ മത്തികൾ നിലവിൽ കേരളതീരങ്ങളിൽ തീരെ കുറവാണെന്നും സിഎംഎഫ്ആർഐയുടെ പഠനം വ്യക്തമാക്കുന്നു. നിയമാനുസൃതമായി പിടിക്കാവുന്ന മത്തിയുടെ വലിപ്പം (എംഎൽഎസ്) 10 സെ.മീ. ആണെങ്കിലും പ്രതികൂലവും അസാധാരണവുമായ നിലവിലെ സാഹചര്യം പരിഗണിച്ച,് ഇപ്പോൾ ലഭ്യമായ മത്തിയെ പിടിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു.