മാതൃദിനത്തിൽ ആ അമ്മമാർ വിശ്രമമില്ലാതെ പ്രവർത്തിച്ചു, ആയിരത്തോളം ഭക്ഷണപ്പൊതികൾ തയാറാക്കി!
698 യാത്രക്കാരുമായി മാലിദ്വീപിൽ നിന്നും കൊച്ചി തീരത്തേക്ക് യാത്ര തിരിച്ച ഇന്ത്യൻ നേവിയുടെ കപ്പലായ INS ജലാശ്വാ തീരമണഞ്ഞത് ഈ ഞായറാഴ്ചയായിരുന്നു, ലോകമാതൃദിനത്തിൽ.
പ്രായമായവരും ഗർഭിണികളും കുട്ടികളുമടങ്ങിയ കപ്പൽ കൊച്ചി തീരമണഞ്ഞപ്പോൾ അവർക്ക് വേണ്ട ഭക്ഷണപ്പൊതികൾ നൽകി വിശപ്പടക്കിയത് കൊച്ചിയിലെ കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകളായിരുന്നു. മാതൃദിനത്തിൽ ആ അമ്മമാരുടെ കൈകൊണ്ടുണ്ടാക്കിയ മാതൃസ്നേഹം ചാലിച്ച ഭക്ഷണപ്പൊതികൾ യാത്രികർക്ക് വയറിനൊപ്പം മനസ്സും നിറച്ചു. വനിതാ ദിനത്തിലും വിശ്രമമില്ലാതെ അവർ ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരുന്നു.
കൊച്ചി കോർപ്പറേഷന് കീഴിലുള്ള കൊച്ചി ഈസ്റ്റ് CDS ലെ കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകളായ ഒരുമ, രുചി, യമ്മീസ്, പൊൻപുലരി എന്നിവയാണ് കപ്പൽ യാത്രികർക്ക് ആയിരം ഭക്ഷണപൊതികൾ നൽകിയത്.
സമയോചിതമായി ഭക്ഷണപൊതികൾ എത്തിക്കാൻ കൊച്ചി കോർപറേഷനിലെ കുടുംബശ്രീ സ്റ്റാഫുകളും അക്ഷീണം പ്രവർത്തിച്ചു. വനിതാ ദിനത്തിന്റെ മഹത്വം ഉയർത്തിപിടിച്ചുകൊണ്ട് ആ അമ്മമാർ അവരുടെ മനസ്സ് നിറച്ചു.