ഗാന്ധിജയന്തി വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് വളപ്പിൽ ജില്ലാ കളക്ടർ എസ്.സുഹാസ് നിർവ്വഹിച്ചു. ഗാന്ധി ദർശനങ്ങൾക്ക് പ്രസക്തി ഏറിവരികയാണെന്നും അവ ഉൾക്കൊള്ളണമെന്നും കൂടാതെ ശുചീകരണ യജ്ഞം ഗാന്ധിജയന്തി ദിനത്തിൽ മാത്രമൊതുക്കാതെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു . കളക്ടറേറ്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ സുജിത് കരുൺ, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ പി.എച്ച്.ഷൈൻ, അസി. കോ ഓഡിനേറ്റർ സി.കെ.മോഹനൻ, ഹുസൂർ ശിരസ്തദാർ ജോർജ്ജ് ജോസഫ്, ജൂനിയർ സൂപ്രണ്ടുമാരായ എം.പി.ബാബുരാജ്, എ.എസ്.മീനാകുമാരി, ഫിലോമിന തുടങ്ങിയവർ പങ്കെടുത്തു.
കളക്ടറേറ്റ് വളപ്പിൽ നടന്ന ശുചീകരണ യജ്ഞത്തിൽ ഭാരത് മാത കോളേജ് എൻ.എസ്.എസ്. യൂണിറ്റ് അംഗങ്ങൾ, തൃക്കാക്കര സെന്റ്. കാതറൈൻസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ, നെഹ്രു യുവകേന്ദ്ര വളണ്ടിയർമാർ, ജെ.സി.ബി. ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, എച്ച്.പി.സി.എൽ.വളണ്ടിയർമാർ, കളക്ടറേറ്റ് ജീവനക്കാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കാളികളായി. കളക്ടറേറ്റ് വളപ്പിലെ മാലിന്യക്കൂമ്പാരവും ഇതോടൊപ്പം നീക്കം ചെയ്തു.
കളക്ടറേറ്റ് വളപ്പിലെ ശുചീകരണ പ്രവർത്തനങ്ങൾക്കു മുന്നോടിയായി നെഹ്രു യുവകേന്ദ്ര വളണ്ടിയർമാർ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ്, എൻ.സി.സി.യൂണിറ്റംഗങ്ങൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കളമശ്ശേരി മുതൽ കളക്ടറേറ്റ് വരെ പ്ലോഗ് റണ്ണും സംഘടിപ്പിച്ചു.ജില്ലയുടെ പല ഭാഗങ്ങളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫോട്ടോ പ്രദർശനം ,സാഹിത്യ മത്സരങ്ങൾ,സെമിനാർ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.