പൊതു ജനങ്ങളിൽ പാരിസ്ഥിതിക അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡും (സി എസ് എം എൽ) ഇന്ത്യ സ്മാർട്ട് സിറ്റി ഫെല്ലോഷിപ്പും ചേർന്ന് സെർവ് ടു പ്രേസേർവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് പശ്ചിമ കൊച്ചി ഭാഗത്ത് ട്രീ മാപ്പിംഗ് പ്രവർത്തനങ്ങളുടെ പ്രാരംഭ ജോലികൾ ആരംഭിച്ചത്. കൊച്ചി നഗരത്തിലെ വിവിധമേഖലകളിൽ നിലനിൽക്കുന്ന മരങ്ങൾ അവയുടെ കാലപ്പഴക്കം കൂടി പരിഗണനയിൽ എടുത്തു കൊണ്ട് ഡിജിറ്റിലായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് ട്രീ മാപ്പിംഗ് .
ഫോർട്ട് കൊച്ചി ഭാഗത്തെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഡിവിഷനുകളിലെ ട്രീ മാപ്പിംഗ് പ്രവർത്തനങ്ങളുടെ ഉൽഘാടനം കൊച്ചി ഡെപ്യൂട്ടി മേയർ കെ എ അൻസിയ നിർവഹിച്ചു. അനാവിശ്യകാര്യങ്ങൾക്കായി വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നതും മറ്റു കേടു പാടുകൾ വരുത്തുന്നതും ഒഴിവാക്കുവാൻ ഉപകരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്. ജനകീയ പങ്കാളിത്തത്തോടെ കൊച്ചിയിൽ ഹരിത മേഖല സൃഷ്ടിക്കുക എന്നതും ഈ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. മുപ്പതോളം സന്നദ്ധ പ്രവർത്തകരാണ് ഇതിനായി പ്രവർത്തിക്കുന്നത്. ആദ്യദിനങ്ങളിൽ സ്മാർട്ട് കൊച്ചി ആപ്പ് വഴി രണ്ടു മണിക്കൂറിനുള്ളിൽ 170 ൽ അധികം മരങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു. ഡിജിറ്റിലായി രേഖപ്പെടുത്തുന്ന ഈ പ്രവർത്തനങ്ങൾ വിശാല-കൊച്ചി നഗര പരിധിയിൽ മുഴുവൻ വ്യാപിപ്പിക്കും. മാത്രമല്ല, ഈ പദ്ധതിയിലൂടെ ഭാവിയിൽ എവിടെയൊക്കെ വൃക്ഷങ്ങൾ വെച്ച് പിടിപ്പിക്കണം എന്നുവരെയുള്ള വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. മരങ്ങൾ കുറവുള്ള സ്ഥലങ്ങൾ വ്യക്തമായി അടയാളപ്പെടുത്തി കൊണ്ട് കൂടുതൽ പരിസ്ഥിതി പരിപാലന പ്രവർത്തനങ്ങൾ വിപുലീകരിക്കുക എന്നതും ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.