ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമായി നേരിടുന്നതിനായി ജില്ലാ ഭരണകൂടം ഒരു വാർ റൂം സജ്ജമാക്കിയിരിക്കുന്നു. രോഗ വ്യാപനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞൊടിയിടയിൽ ലഭ്യമാക്കുവാൻ സഹായിക്കുന്ന രീതിയിൽ വളരെ വിപുലമായ ഒരു ഡാറ്റ ശേഖരണമാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. കലൂർ ജൻഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിലാണ് ഈ വാർ റൂം പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. വൻ ഡാറ്റാ ശേഖരണത്തെ ആസ്പദമാക്കി ഭാവി പ്രവർത്തന തന്ത്രങ്ങളും, അത്യാവിശ്യ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളുടെ ഏകോപനം, വിവിധ സർക്കാർ സംവിധാനങ്ങളുമായുള്ള ആശയവിനിമയവുമൊക്കെയാണ് ഇവിടെ പ്രധാനമായും മുൻഗണന നൽകി പോരുന്നത്. ഇതിനുപരിയായി കോവിഡ് രോഗികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി അവരെ വിവിധ ആശുപത്രികളിലേക്ക് റെഫർ ചെയൂകയും, തടസം കൂടാതെയുള്ള ഓക്സിജൻ വിതരണത്തിന്റെ ഏകോപനവും എല്ലാം എവിടെ നിന്ന് വിദഗ്ധ സഹായത്തോടെ നടപ്പാക്കുന്നു .
ജില്ലയുടെ അസിസ്റ്റന്റ് കളക്ടർ ഹാരിസ് ആർ ആണ് ഈ വാർ റൂമിനെ നയിക്കുന്നത്. രണ്ടു ഷിഫ്റ്റുകളിലായാണ് പ്രവർത്തനസമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 വരെ ഒരു വിഭാഗവും അതിനു ശേഷമുള്ള സമയത്ത് മറ്റൊരു ടീമും പ്രവർത്തിക്കുന്നു. ഏതാനും ദിവസങ്ങൾ മുൻപ് മാത്രം പ്രവർത്തനമാരംഭിച്ച ഇവിടെ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനളുടെയെല്ലാം കണ്ട്രോൾ സെന്റെർ എന്ന നിലക്കാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ പ്രതിദിന രോഗികളുടെ എണ്ണം, ഓക്സിജൻ കിടക്കകളുടെ ലഭ്യത, എല്ലാ ആശുപത്രികളിലേയും ഐ സി യൂ – വെന്റിലേറ്റർ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വളരെ കൃത്യമായ വിവരശേഖരണമാണ് നടക്കുന്നത്. നിലവിലെ രോഗികളോ, പുതുതായി രോഗം ബാധിചവരോ ആയ ആളുകളുടെ വാർഡുകൾ, അവരുടെ പ്രാദ്ധമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ്വ സംബന്ധിച്ചും വിശദമായ രേഖകൾ സൂക്ഷിക്കുകയും അതിൽ പ്രകാരം അനുയോജ്യമായ നടപടികൾ കൈകൊളുകയും ചെയ്തുപോരുന്നു. വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം പൂർണമായും ഉപയോഗപ്പെടുത്തി കൊണ്ടുള്ള ഈ വാർ റൂം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു കൂടുതൽ കരുത്തു പകരുമെന്ന് ആരോഗ്യപ്രവത്തകരും പ്രതീക്ഷിക്കുന്നു.