വെല്ലിങ്ടൺ ഐലന്റിൽ നിന്ന് ബോൾഗാട്ടിയിലേക്കും തിരിച്ചും ചരക്ക് നീക്കത്തിനും യാത്രക്കാരുടെയും വാഹനങ്ങളുടെയും സഞ്ചാരങ്ങൾക്കും മറ്റുമായി ബോൾഗാട്ടി – വെല്ലിങ്ടൺ റൂട്ടിൽ രണ്ടാമതൊരു റോ റോ സർവീസ് കൂടി ആരംഭിച്ചിരിക്കുന്നു. കുറെനാളുകൾക്ക് മുൻപാരംഭിച്ച ആദ്യ സർവീസിന് മികച്ച പ്രതികരണം ലഭിച്ചതാണ് പുതിയൊരു സർവീസ് കൂടി ആരംഭിക്കാൻ അധികൃതർക്ക് പ്രേരണയായത്.
അര മണിക്കൂർ ഇടവിട്ട് ഇനിമുതൽ സർവിസുകൾ ഉണ്ടാകും.
റോ-റോ എവിടെ എത്തി എന്നറിയാനായി ഒരു ഹോട്ട് -ലൈൻ നമ്പറും ഇനിമുതൽ ലഭ്യമാണ്. 9846211163 എന്ന നമ്പറിൽ വിളിചു ചോദിച്ചാൽ യാത്ര വിവരങ്ങൾ ലഭ്യമാകും. കണ്ടയേനറുകൾ വലിയ ലോറികൾ, യാത്ര വാഹനങ്ങൾ എന്നിവയെല്ലാം റോ റോ സർവീസുകൾ ഉപയോഗിക്കാൻ താല്പര്യം കാണിക്കുന്നത് നഗരത്തിലെ പൊതു ഗതാഗത സംവിധാനത്തിന് വലിയൊരു ആശ്വാസമാണ്. ഉയർന്നു വരുന്ന ഇന്ധന വിലയാണ് ഈ ബദൽ മാർഗം ഉപയോഗിക്കാൻ വാഹന ഉടമകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. സർക്കാർ സ്ഥാപനമായ കെ എസ് ഐ എൽ സി യാണ് നിലവിൽ സർവീസ് നിയന്ത്രിക്കുന്നത്.
യാത്രക്കാരുടെ എണ്ണത്തിൽ വരുന്ന വൻ വർധന കണക്കിലെടുത്തുകൊണ്ട് ഫോർട്ട് കൊച്ചി – മറൈൻ ഡ്രൈവ് റൂട്ടിലും റോ റോ സർവീസ് തുടങ്ങണമെന്ന് ആവശ്യം ശക്തമാണ്. എന്നാൽ നിലവിൽ റോ റോ ജെട്ടികൾ ഇല്ലാത്തതിനാൽ അതിനുള്ള പ്രാരംഭ ചർച്ചകളും സാധ്യതകളും ജനപ്രതിനിധികൾ വിശദമായി പരിശോധിക്കുന്നുണ്ട്. ഉൾനാടൻ ജല ഗതാഗത സംവിധാനങ്ങൾക്ക് കരുത്ത് പകരുന്ന കേന്ദ്രത്തിന്റെ ‘സാഗരമാല’ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സർവീസുകൾ വിപുലീകരിക്കാൻ സാധിക്കുമോ എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. കൊച്ചി കോർപറേഷനും സ്മാർട്ട് മിഷൻ ലിമിറ്റഡും കൈകോർത്താൽ ഇത്തരം പദ്ധതികളുടെ വ്യാപനം സാധ്യകുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.