കൊച്ചി നഗരത്തിന്റെ മുഖാവര തന്നെ മാറ്റി എഴുതിയ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങിയിട്ട് ഇന്നലെ 10 വയസ്സ് പൂർത്തിയായി. കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ സർവീസ് എന്ന സ്വപ്ന പദ്ധതി യാഥാർഥ്യമാക്കുവാൻ ഈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും ജീവനക്കാരും തുടക്കകാലം മുതൽ തന്നെ കഠിനമായി പ്രയത്നിച്ചതിന്റെ സാക്ഷ്യപത്രമാണ് കൊച്ചി നഗരമധ്യത്തിലൂടെ തലങ്ങും വിലങ്ങും പായുന്ന ഈ കൊച്ചു തീവണ്ടികൾ.
2011 ആഗസ്ത് മാസം രണ്ടാം തിയതിയാണ് കൊച്ചി നഗരത്തിൽ മെട്രോ റെയിൽ സർവീസുകൾ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ എം ആർ എൽ) എന്ന സ്ഥാപനം പിറവിയെടുക്കുന്നത്. രാജ്യത്തെ മെട്രോ പദ്ധതികളുടെ അമരക്കാരനായി പ്രവർത്തിച്ചു കൊണ്ട് രാജ്യാന്തര പ്രശസ്തിയിലേക്കുയർന്ന ഇ ശ്രീധരൻ നയിച്ച ഡി എം ആർ സി എന്ന സ്ഥാപനം നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമലത കൂടി ഏറ്റെടുത്തതോടെ ശരവേഗത്തിൽ കാര്യങ്ങൾ നീങ്ങി.
വെറും രണ്ടു വർഷത്തിനുള്ളിൽ സർവീസ് ആരംഭിക്കുകയും കഴിഞ്ഞ വർഷത്തോടെ ആലുവ മുതൽ പേട്ട വരെയുള്ള ഒന്നാം ഘട്ടം പൂർത്തിയാക്കുകയും ചെയ്തു. പേട്ടയിൽ നിന്ന് എസ് എൻ ജംഗ്ഷനിലേക്കും തൃപ്പുണിത്തറയിലേക്കും ദീർഖിപ്പിക്കുന്ന ജോലികൾ അതിവേഗം പുരോഗമിക്കുന്നു. ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ജവാഹർലാൽ സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള രണ്ടാംഘട്ട പദ്ധതിക്ക് ഇനിയും കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. ഇതിനോടനുബന്ധമായുള്ള ജല മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഇതിന്റെ ഉൽഘാടനം കഴിഞ്ഞെങ്കിലും സർവീസുകൾ ഇനിയും ആരംഭിക്കാൻ സാധിച്ചിട്ടില്ല. ഏറ്റവും പുതുതായി നടപ്പിലാക്കിയിരിക്കുന്ന ആശയമാണ് മെട്രോ സ്റ്റേഷനുകളിൽ നിന്നും സമീപ പ്രദേശങ്ങളിലേക്കുള്ള ഫീഡർ സർവീസുകൾ. സ്വകാര്യ ബസുകളും ഇ ഓട്ടോ സംവിധാനങ്ങളെയുമൊക്കെ പരസ്പരം കൈകോർപ്പിച്ചു കൊണ്ട് വ്യത്യസ്തമായ ഒരു യാത്ര സംസ്കാരത്തിനും തുടക്കം കുറിക്കുവാൻ കെ എം ആർ എൽ നു സാധിച്ചു എന്നത് എടുത്തു പറയേണ്ട നേട്ടം തന്നെയാണ്. നഗരത്തിലെവിടയും വിവിധ യാത്രമാർഗങ്ങൾ സുതാര്യമായി ഉപയോഗിക്കുവാൻ സഹായിക്കുന്ന ‘കൊച്ചി വൺ കാർഡ്’ എന്ന പദ്ധതിയും ഏറെ ജനശ്രദ്ധ നേടി. പരിസ്ഥിതി സൗഹാർദ സംസ്കാരം നഗരത്തിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സൈക്കിളുകൾ വാടകക്ക് നൽകുന്ന പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കിയത് ദേശിയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. വ്യക്തികൾക്ക് ട്രെയിനിൽ സൈക്കിളുകൾ കൊണ്ട് യാത്ര ചെയ്യാൻ അനുമതി നൽകി കൊണ്ട് പദ്ധതിയെ ജനകീയമാക്കി മാറ്റുവാനുള്ള നടപടികൾ കൈകൊണ്ടു. ഇതിനൊക്കെ പുറമെയാണ് കൊച്ചി സ്മാർട്ട് മിഷനുമായി സഹകരിച്ചു കൊണ്ട് കൊച്ചിയിൽ പലയിടങ്ങളിലായി സൈക്കിൾ ട്രക്കുകൾ നിർമ്മിക്കുന്നതിന് മുൻകൈ എടുത്തത്. ഇതിൽ ചില പരാതികളുടെങ്കിലും ഇങ്ങനെയൊരു ആശയം നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ കെ എം ആർ എൽ നെ അകമഴിഞ്ഞ് അഭിനന്ദിക്കുവാൻ കൊച്ചി നഗരവാസികൾ ഒരു മടിയും കാണിച്ചില്ല. മെട്രോ മീഡിയനുകളിലെ പൂന്തോട്ട നിർമ്മാണവും പരിപാലനവും നഗര സൗന്ദര്യവത്കരണത്തിന് ഏറെ പ്രോത്സാഹനമായി. വരും നാളുകളിൽ കൊച്ചി നഗരത്തിന്റെ പുരോഗതിക്കും പൊതു ജനങ്ങളുടെ യാത്ര സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന നല്ല പദ്ധതികൾ നടപ്പിലാക്കി വിജയിപ്പിക്കാൻ കെ എം ആർ എൽ ന് കഴിയട്ടെ എന്നാശംസിക്കുന്നു.