മലയാളത്തിന്റെ ലക്ഷണമൊത്ത ആദ്യ നോവൽ എന്ന ഖ്യാതി നേടിയ ഒ ചന്ദുമേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവലിലെ കഥാസന്ദർഭങ്ങൾ ദൃശ്യരൂപത്തിലാക്കികൊണ്ടുള്ള ചിത്ര പ്രദർശനം എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ പുരോഗമിക്കുന്നു. നോവലിലെ ശ്രദ്ധേയമായ കഥാസന്ദർഭങ്ങൾ അതിമനോഹരങ്ങളായ 16 ചിത്രങ്ങളിലൂടെയാണ് പുനരാവിഷ്കരിച്ചിരിക്കുന്നത്. ഇതിനു പുറമെ ആ കാലഘട്ടങ്ങളിലെ ഉപകരണങ്ങളുടെ 20 ചിത്രങ്ങളുമുണ്ട്. പ്രധാനമായും അക്രലിക് പെയിന്റ്റിങ്ങുകളാണ് ഈ വരകളിൽ ഉപയോഗിച്ചിരിക്കുന്നത്. നോവലിലെ കേന്ദ്ര കഥാപാത്രങ്ങളായ ഇന്ദുലേഖക്കും മാധവനും പുറമേ മറ്റ് 43 കഥാപാത്രങ്ങൾകൂടി ഈ ചിത്രങ്ങളിൽകൂടി പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. പ്രദർശനം 25 ന് സമാപിക്കും.
പ്രദർശനം മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്തു. കൊച്ചി മേയർ എം അനിൽകുമാർ, ചീഫ് വിപ്പ് എൻ ജയരാജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു നീണ്ട രണ്ടര വർഷത്തെ വിശദമായ പഠനത്തിന് ശേഷമാണ് ചിത്രകാരി സുനിജ ഇവ തയാറാക്കിയത്.