വയസ് ചിലർക്ക് ഒരു സംഖ്യ മാത്രമാണെന്ന വായ്മൊഴിയുടെ നിജസ്ഥിതി മനസിലാക്കണെമെങ്കിൽ പ്രമുഖ സാഹിത്യകാരനും ചരിത്രകാരനുമായ ശ്രീ എ കെ പുതുശേരി മാഷിനെ ഒന്ന് പരിചയപെട്ടാൽ മതിയാകും. നീണ്ട എണ്പത്തിയേഴാം വയസ്സിനുള്ളിൽ അദ്ദേഹം രചിച്ച കഥാ – സാഹിത്യ സൃഷ്ടികളുട്ടികളുടെ എണ്ണവും പ്രായവും ഒന്ന് തന്നെ. ‘പുതുശേരി അഗസ്റ്റിൻ കുഞാഗസ്തി’ എന്നാണ് മുഴുവൻ പേരെങ്കിലും എ കെ പുതുശേരി എന്ന ചുരുക്കപേരിലാണ് കലാ സാഹിത്യ മേഖലയിൽ അദ്ദേഹം പൊതുവിൽ അറിയപ്പെടുന്നത്. വളരെ ചിട്ടയായ ഒരു ജീവിതശൈലിയാണ് അദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം.. എല്ലാ ദിവസവും പുലർച്ചെ 4.30 ന് ഉറക്കമുണർന്ന ശേഷം ചെറിയ വ്യായാമം, പിന്നെ അടുത്ത ചാപ്പലിൽ കുർബാനയിൽ പങ്കെടുത്ത മടങ്ങി വന്നാൽ പിന്നെ പുസ്തക വായനയിലും രചനാ കർമ്മങ്ങളിലും മുഴുകുകയായി. സസ്യാഹാരമാണ് പ്രിയം. പുകവലി, മദ്യപാനം എന്നിങ്ങെനെയുള്ള ഒരു ശീലവുമില്ല. വൈകുന്നേരങ്ങളിൽ പതിവ് നടത്തം മുടക്കാറില്ല. മാത്രമേ കഴിവതും എവിടെയും കാഴ്ചകൾ കണ്ടും കുശലം പറഞ്ഞുമൊക്കെ നടന്നു പോകാനാണ് ഇഷ്ടം.
ഈ ലോക്ക് ഡൗൺ കാലം വരെ എറണാകുളത്തെ എസ് ടി റെഡ്ഡ്യാർ ആൻഡ് സൺസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ലോക്ക് ഡൗൺ കാലത്താണ് 86 മത്തെ പുസ്തകം രചിച്ചത്’ ‘കുഞാഗസ്തിയുടെ കുസൃതികൾ’. അല്പം ആത്മകഥാംശമുള്ള ഈ കൃതി കൊച്ചിയുടെ ഗതകാല സ്മരണകളിലേക്കാണ് വായനക്കാരെ കൊണ്ടെത്തിക്കുന്നത്. അത് കൊണ്ട് തന്നെ കവർ പേജിൽ ‘ചരിത്ര വഴികളിലൂടെ’ എന്നൊരു ടാഗ്ലൈനും ഒപ്പമുണ്ട്. കൊച്ചിയുടെ ചരിത്രവും പഴയകാല കഥകളുമൊക്കെ അറിയാൻ താല്പര്യപെടുന്നവർക്ക് ഈ പുസ്തകം ഏറെ പ്രയോജനപ്പെടും.
പിറന്നാൾ ദിനത്തിന് ഏതാനും ദിവസം മുൻപാണ് എൺപത്തിയേഴാമത്തെ പുസ്തകം പുറത്തിറക്കിയത്. ‘ഉടുപ്പിലാത്ത ഉണ്ണീശോ’ എന്ന് കൗതുകകരമായ ശീർഷകത്തോടെ എത്തിയിരിക്കുന്ന പുസ്തകം രസകരമായ ചില വിഷയങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്. പുതുശേരി മാഷിന്റെ തന്നെ 18 സന്മാർഗ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. മാനുഷികമായ ഉയർന്ന ചിന്തകൾ പങ്കുവെക്കുന്ന ഇതിൽ ബൈബിളിലെയും ഖുറാനിലെയും മഹാഭാരതത്തിലേയുമൊക്കെ ചില കഥാ പശ്ചാത്തലങ്ങളും വിവരിക്കുന്നുണ്ട്.